13 December 2013

അന്‍വര്‍ പോയി...സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന 
അന്‍വറിനെയും അവന്റെ രോഗത്തെയും കുറിച്ചു
മുമ്പത്തെ പോസ്റ്റില്‍ കുറിച്ചിരുന്നു, 
നല്ലവരായ പലരുടെയും സഹായങ്ങള്‍ 
അവന്ന് ലഭിച്ചിരുന്നു..
അവന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും 
സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും 
നാട്ടുകാരുടെയും മറ്റും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാവുകയായിരുന്നു,
പതിമൂന്നാം തിയതി സന്ധ്യക്ക് 
അവന്റെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ ..!


രക്തം വാര്‍ന്ന് നീരു വന്ന് വീര്‍ത്ത 
അവന്റെ പിഞ്ചുവദനം 
കണ്ണു നനയാതെ കാണാനാകുമായിരുന്നില്ല ..  
പള്ളിപ്പറമ്പില്‍ അവന്റെ ഖബറിടത്തിലേക്ക് 
മണ്ണു വാരിയിട്ടു പിരിഞ്ഞുപോരുമ്പോള്‍ 
പാവപ്പെട്ടൊരു ഉമ്മയുടെ പ്രതീക്ഷയിലേക്കും സ്വപ്നത്തിലേക്കുമാണല്ലോ 
ആ മണ്‍തരികള്‍ വന്നുവീണത് 
എന്നോര്‍ത്തപ്പോള്‍ മനസിലെ 
മുറിപ്പാടിന്‌ വല്ലാത്തൊരു നീറ്റല്‍ ..

മരണത്തിന്റെ ഏതാനും മണിക്കൂര്‍ മുമ്പ് വിളിച്ചപ്പോള്‍ 
സ്‌കൂളില്‍ നിന്നാണെന്നറിഞ്ഞ 
അവന്‍ ആവശ്യപ്പെട്ടത് പച്ചയും മഞ്ഞയും കളര്‍ചോക്കുകളായിരുന്നു.. 
ഇന്നിപ്പോള്‍ അവന്‍ നിറങ്ങളില്ലാത്ത ലോകത്തായിരിക്കുമോ..? 

മാലാഖമാര്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചത്തില്‍ 
അര്‍ബുദത്തിന്റെ വേദനകളും 
മരുന്നുകളുടെ മനം പിരട്ടുന്ന മണങ്ങളുമില്ലാത്ത 
അനശ്വരമായ ലോകത്തിരുന്ന് 
അവന്‍ പുഞ്ചിരി തൂകുന്നുണ്ടാവും ..
ഒരു വര്‍ഷക്കാലം അനുഭവിച്ച വേദനകള്‍ മറന്ന്,
കൂട്ടുകാരോടൊപ്പം മളിച്ചുല്ലസിക്കാനാവാതെ ആശുപത്രിക്കിടക്കയില്‍ ഞെരിപിരി കൊണ്ട് 
മുഷിഞ്ഞ ദിനരാത്രങ്ങള്‍ മറന്ന് , 
കണ്ണീരു വറ്റിയ ഉമ്മയുടെ വാടിയ മുഖവും 
എന്താണിതൊ ക്കെയെന്നറിയാതെ 
ഭയവിഹ്വലയായ സഹോദരിയുടെ 
കരച്ചിലും കാണാനാവാതെ ...!

അന്‍വര്‍ ,
ബാഗ്  തോളില്‍ തു
ക്കി
കുനിഞ്ഞ ശിരസുമായി 
നീ നടന്നകലുന്നത് 
മറക്കാനാവുന്നില്ലല്ലോ  ...! 

 

           

3 July 2013

അന്‍വര്‍ ..?!


ചികിത്സാസഹായത്തിനുള്ള അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് അന്‍വറിന്റെ പേരെഴുതിയപ്പോള്‍ മസില്‍ വല്ലാത്തൊരു നീറ്റല്‍ ..  കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുമ്പോള്‍ ഒന്നാം ക്ലാസില്‍ അവനുമുണ്ടായിരുന്നു..
ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുടെ കൂടെ കുറച്ചകലെയുള്ള സ്‌കൂളില്‍ അയക്കണമെന്ന് വിചാരിച്ചിരുന്ന മാതാവിനെ കണ്ട് സംസാരിച്ച് ഞങ്ങളുടെ സ്‌കൂളിലേക്ക് ചേര്‍പ്പിക്കുകയായിരുന്നു.
മറ്റു കുട്ടികളെപോലെ വികൃതിത്തരങ്ങളൊന്നും അധികമില്ലാത്ത‍  ശാന്തപ്രകൃതനും പഠിക്കാന്‍ മിടുക്കനുമായിരുന്നു
അന്‍വര്‍ .. മിക്കപ്പോഴും വിഷാദച്ഛായ നിഴലിക്കുന്ന മുഖം , ശിരസ് ഒരുവശത്തേക്ക് അല്‍പം ചെരിച്ചുള്ള നടത്തം , അധികം സംസാരിക്കാത്ത പ്രകൃതം .. 


സാമ്പത്തികമായി വളരെ മോശപ്പെട്ട കുടുംബമാണ്` അവന്റേത്.. പിതാവിന്‌ കാര്യമായ ജോലിയൊന്നുമില്ല, ഏതോ മതസ്‌ഥാപനത്തിനുള്ള സംഭാവനകള്‍ പിരിച്ചെടുക്കലാണ്‌ പണി, മാതാപിതാക്കളുടെ കുടുംബങ്ങളും സാമ്പത്തികമായി ദുര്‍ബലരാണ്, ആരുടെയൊക്കെയോ സഹായം കൊണ്ട് ചെറിയൊരു വീടുണ്ടായി‍ ..!

ഇടക്കിടെ പനി ബാധിച്ച് സ്‌കൂളില്‍ വരാറില്ല,   ആശുപത്രിയില്‍ പോകും മരുന്ന് കഴിക്കും ഭേദമാകും .. സാധാരണ എല്ലാ കുട്ടികള്‍ക്കും ജലദോഷവും പനിയും ഉണ്ടാകാറുണ്ടല്ലോ, , ങ്ങനെയേ എല്ലാവരും കരുതിയുള്ളൂ, നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞു കാണും അവന്റെ കഴുത്തിന്‌ വലതുവശത്ത് ഒരു വീക്കം , ഡോക്‌ടറെ കാണിച്ചപ്പോള്‍  അത് പ്രശ്‌നമാക്കാനില്ലെന്ന് പറഞ്ഞെങ്കിലും, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതല്‍പം  വലുതായി ഒരു മുഴപോലെയായി, സ്വതവേ അല്‍പം ചെരിഞ്ഞ അവന്റെ ശിരസ് ഒന്നുകൂടി ചെരിഞ്ഞു, അത് കാണുമ്പോള്‍ വല്ലാത്ത വേദന തോന്നി.. ആദ്യമേയുള്ള ചെരിവിനുള്ള നിമിത്തം ഒരുപക്ഷേ ഈ രോഗമാകാം ..! പിന്നീട് പനി കൂടുതലാവുകയും കുട്ടി അവശനാവുകയും ചെയ്‌തു..

വിദഗ്‌ദപരിശോധനയും ടെസ്‌റ്റുകളും നടത്തിയ ശേഷം അര്‍ബുദമാണെന്ന് സ്‌ഥിരീകരിച്ചപ്പോള്‍ എല്ലാവരും സ്‌തബ്‌ധരായി, അവന്റെ ദരിദ്രകുടുംബത്തിന്റെ സ്ഥിതി അതിദയനീയമായിരുന്നു, കൂനിന്‍മേല്‍ കുരു എന്ന അവസ്‌ഥ.. അര്‍ബുദമെന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിലമരാനോ ഈ പിഞ്ചുബാല്യമെന്നോര്‍ത്ത് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു..  

ഏതായാലും ചികിത്സക്കായി അവനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.. മൂന്ന് വര്‍ഷത്തെ ചികിത്സ വേണ്ടിവരുമെന്നാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്..  പലരും സഹായഹസ്‌തങ്ങള്‍ നീട്ടൂന്നതിനാലും മറ്റും എട്ട്‌ മാസത്തോളമായി ചികിത്സയിലാണ്.. 

ഇന്നിപ്പോള്‍ പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ തുറന്നു, അവന്റെ കൂടെ ഒന്നാം ക്ലാസിലുണ്ടായിരുന്ന എന്റെ മകനടക്കമുള്ള കുട്ടികള്‍ രണ്ടാ ക്ലാസിലിരുന്ന് പഠിക്കുകയും ഓടിച്ചാടിക്കളിക്കുകയും ചെയ്യുമ്പോള്‍ അവന്റെ ശൂന്യമായ ഇരിപ്പിടം ഞങ്ങളെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു...   എത്രയും വേഗം സുഖം പ്രാപിച്ച്  അന്‍വറിന്`‍ സ്‌കൂളില്‍ വരാന്‍ സാധിക്കേണമേയെന്നാണ്` ഞങ്ങള്‍  കുറ്റൂര്‍ ഡി.എസ്.എല്‍ .പി. സ്‌കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും പ്രത്യാശയും പ്രാര്‍ത്ഥനയും...23 June 2013

സിസേറിയന്‍മാതാവിന്റെ ഉദരത്തില്‍ ചുരുണ്ടുകൂടിക്കിടന്നിരുന്ന കുഞ്ഞ് ആഹ്ലാദത്താല്‍ നിര്‍വൃതി കൊണ്ടു.. ഇനി ഏതാനും നാളുകള്‍ കഴിഞ്ഞാല്‍ ഇരുള്‍ നിറഞ്ഞയീ ഗഹ്വരത്തില്‍ നിന്ന് പുറത്തുകടക്കാം ..
പുറത്ത് എന്തൊക്കെ കാഴ്‌ചകളാണ്‌ കാണാനുണ്ടാവുക..?!
ആരൊക്കെയാണ്‌ തന്റെ വരവും കാത്തിരിക്കുന്നത്.. 
അമ്മ, അച്ഛന്‍ , ചേട്ടന്‍ , ചേച്ചി , മുത്തശ്ശന്‍ , മുത്തശ്ശി... 
അമ്മ പറയാറുണ്ട് ..  തലയില്‍ വെച്ചാല്‍ പേനരിക്കും , 
താഴെ വെച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടില്‍ അത്രയും സൂക്ഷിച്ചും ഓമനിച്ചുമാണ്‌ അവര്‍ എന്നെ നോക്കുകയെന്ന്..  
മനോഹമായ കാഴ്‌ചകള്‍ .. നീലാകാശം .. നക്ഷത്രങ്ങള്‍ .. പക്ഷികള്‍ .. മങ്ങള്‍ .. ചെടികള്‍ .. പൂക്കള്‍ .. അങ്ങനെ പലതും .. 
'അച്ഛന്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടത്രെ .. '
'ഹായ് നല്ല രസമായിരിക്കും .. '
'ഒന്നു വേഗം ഈ ഇരുട്ടില്‍ നിന്ന് പുറത്ത് കടക്കാനായെങ്കില്‍ .. !'

എന്തോ ഒരു ശബ്ദം .. 
അമ്മ ടിവി കാണുകയാണ്,
വര്‍ത്തകള്‍ ..
'പിഞ്ചുകുഞ്ഞ് ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ..'
'അമ്മ കുഞ്ഞിനെ വിറ്റു.. '
'പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്നു..'

.............................................
............................................

ഇതെല്ലാം കേട്ടപ്പോള്‍ കുഞ്ഞിന്‌ പേടിയായി..
സുന്ദരമായ കാഴ്‌ചകള്‍ കാ
ണാം .. ഒരുപാടാളുകളുണ്ട് എന്നൊക്കെയാണ്‌ അമ്മ പറഞ്ഞത്..
അവന്‍ പേടിച്ചുവിറച്ച് ഒന്നുകൂടി ചുരുണ്ടു..

പുറത്ത് വരേണ്ട ദിവസം ഗര്‍ഭാശയത്തില്‍ അള്ളിപ്പിടിച്ചു.. ഒടുവില്‍ വയറ്‌ കീറി പുറത്തെടുത്തപ്പോള്‍  കുട്ടി ഒന്നു പിടഞ്ഞു, പിന്നെ നിശ്ചലമായി..!
 


24 February 2013

അവള്‍ ...


 

വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ 
ചിത്രശലഭം പോലെ പാറി നടന്നവള്‍ 
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍
പ്രകാശം വിതറിയവള്‍ ...
അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമിടയില്‍ 
പ്രതിഭയായി തിളങ്ങിയവള്‍ ...
പെണ്ണു കാണാന്‍ വന്നവരുടെ കണ്ണുകളില്‍ 

നക്ഷത്രത്തിളക്കം പകര്‍ന്നവള്‍ ...
കതിര്‍മണ്ഢപത്തില്‍ 

പൊന്നില്‍ കുളിച്ചു നിന്നവള്‍ ...
മണിയറയില്‍ മദനലഹരിയില്‍              

ആനന്ദനൃത്തമാടിയവള്‍ ...
അടുക്കളയില്‍ അഗ്നിയായി                        
കത്തിജ്വലിച്ചവള്‍ ..!!?