4 January 2012

തിരിച്ചറിവ്(ഇല്ലായ്മ)

54

'പ്രഥമചഷകത്തിന്‍ ലഹരി അതിമധുരം, അനിര്‍വചനീയം.. അതാസ്വദിച്ചില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.. ഒരു പുരുഷായുസ് മുഴുവന്‍ വ്യര്‍ത്ഥം..!' എന്ന പ്രലോഭനങ്ങളാണ്‌ ആദ്യമായി മദ്യം നുണയുന്നതിന്‌ പ്രചോദനമായത്..!    ഇന്നിപ്പോള്‍ അവസാന ചഷകത്തിന്‍റേയും ലഹരി നഷ്ടപ്പെടാതിരിക്കാന്‍ 'പാനപാത്രം' സദാ അധരങ്ങളില്‍ തന്നെയാണ്‌..!
 ആദ്യമോക്കെ ബീവറേജസിനു മുന്നില്‍  തലയിൽ മുണ്ട് ഇട്ടുകൊണ്ടാണ് ക്യൂ നിന്നിരുന്നത്..  പിന്നെ പിന്നെ 'മൂക്കറ്റം മോന്തി' റോഡരികില്‍ വീണു കിടക്കുമ്പോള്‍ ഉടുതുണി ഉരിഞ്ഞു പോയത് പോലും തിരിച്ചറിയാതായി..!!

രാവിലെ കുളിച്ച് ഇസ്തിരിയിട്ട വസ്ത്രമുടുത്ത് സുഗന്ധം പൂശി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ റോഡിലൂടെ വാഹനം പാഞ്ഞു പോയപ്പോഴുണ്ടായ പുകയും പൊടിപടലങ്ങളും കാരണം ടവ്വല്‍ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ചാണ്‌ നടന്നത്..!
വൈകുന്നേരം 'അല്‍പം അകത്താക്കി' ആടിയുലഞ്ഞും തപ്പിത്തടഞ്ഞും ഉരുണ്ടുപിരണ്ടും എങ്ങിനെയൊക്കെയോ വീടണഞ്ഞപ്പോള്‍ ദേഹമാസകലം ​പൊടി പുരണ്ടിരുന്നു..!
 

മകനെ വാരിപ്പുണര്‍ന്ന് ഉമ്മ വെച്ചും ഭാര്യയുടെ കവിളില്‍ ചുംബിച്ചും സന്തോഷാതിരേകത്തോടെയാണ്‌ ജോലിക്ക് പോയത്.. സന്ധ്യക്ക് തിരിച്ചെത്തിയപ്പോള്‍ ഭാര്യ നല്‍കിയ ചായ "എന്താടീ ചായക്ക് പാലില്ലേ"?! എന്ന് പറഞ്ഞ് ഒരേറും "ഠേ" എന്ന് മുഖത്തൊരിടിയും..!  കരഞ്ഞുകൊണ്ട് വന്ന മകനെ കാലു കൊണ്ട് തട്ടിമാറ്റിയും കട്ടിലില്‍ വീണു..!
 

കൂട്ടുകാരന്‍റെ വീട്ടില്‍ 'കമ്പനിക്ക്' ഒത്തുകൂടിയതായിരുന്നു.. 'വിദേശി'ക്കൊപ്പം അവന്‍റെ ഭാര്യ വിളമ്പിയ വിഭവങ്ങളും കൂടിയായപ്പോള്‍ വീര്യം വര്‍ദ്ധിച്ചു.. എത്ര അകത്താക്കിയെന്നറിയില്ല.. സ്ഥലകാലബോധവും..!
ഭാര്യയാണെന്ന് കരുതി കയറിപ്പിടിച്ചത് കൂട്ടുകരന്‍റെ ഭാര്യയെയായിരുന്നുവെന്ന് പിറ്റേന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്‌ മനസിലായത്..!
 

കൂട്ടുകാര്‍ക്കൊപ്പം ബാറില്‍ നിന്ന് നന്നായി 'മിനുങ്ങി', കാറില്‍ അടിച്ചിപൊളിച്ചു കറങ്ങിയടിക്കവേ  അമിതവേഗതയില്‍ നിയന്ത്രണം വിട്ട് കാര്‍ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞപ്പോള്‍ ജീവിതത്തിന്‍റെയര്‍ത്ഥം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു..!!?