Showing posts with label ഓര്‍മ. Show all posts
Showing posts with label ഓര്‍മ. Show all posts

6 December 2011

ഗള്‍ഫ് സ്‌മരണകള്‍ - 8

7

  1992 
ഡിസംബർ 6 
ന് ബാബ്‌രി മസ്ജിദ്
തകര്‍ക്കപ്പെട്ടിട്ട് 19 വര്‍ഷം കഴിയുന്നു.. ഫാഷിസ്റ്റ് വര്‍ഗീയ ശക്തികള്‍ മസ്ജിദ് തകര്‍ക്കാനുള്ള സര്‍വസന്നാഹങ്ങളുമായി അയോധ്യയില്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ മസ്ജിദ് തകര്‍ക്കപ്പെടുകയില്ലെന്നും ഭരണകൂടം സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുസ്ലിംകളും മറ്റു മതേതരവിശ്വാസികളുമെല്ലാം കരുതിയിരുന്നു.. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് മസ്ജിദ് തകര്‍ക്കപ്പെടുകയായിരുന്നു.. ഭരണകൂടം ഒന്നും ചെയ്യാതെ, ഉരിയാടാതെ മൗനാനുവാദം നല്‍കുകയുമായിരുന്നു.. രാഷ്ട്രപിതാവ് മഹാത്മാഗന്ധിയുടെ വധത്തിന് ശേഷം ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറി അത്..!

ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഗള്‍ഫിലും ഇതിന്‍റെ അലയൊലികള്‍ പടര്‍ന്നിരുന്നു.. ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രവാസികള്‍ റോഡിലിറങ്ങുകയും ഇന്ത്യന്‍ എമ്പസ്സി, കൊണ്‍സുലേറ്റുകളുടെ മുന്നില്‍ തടിച്ചുകൂടുകയും ചെയ്‌തു.. ഗള്‍ഫില്‍ ഒരു പക്ഷെ ഇത് ആദ്യാനുഭവമായിരിക്കും..! അല്‍ഐനില്‍ ഇതിന്‍റെ പ്രതികരണം അതിര്‌ കടന്നു..
പാകിസ്ഥാന്‍ വംശാരായ പഠാണികള്‍ ഒരു ചര്‍ച്ചിന്‌ കല്ലെറിയുകയും ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയിലുള്ള ഇന്ത്യക്കാരുടെ രണ്ട്മൂന്ന് കടകള്‍ക്ക് തീ വെക്കുകയും ചെയ്‌തു.. ! 
ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയില്‍ സൈന്യമിറങ്ങുകയും പഠാണികളേയും അല്ലാത്തവരേയും വിസയും ബത്താക്കയുമൊന്നുമില്ലാത്തവരേയുമെല്ലാം പിടികൂടുകയും ചെയ്‌തു.. അതില്‍ നിരപരാധികളായ പലരും കുടുങ്ങി.. പഠാണികളധികവും താമസിച്ചിരുന്ന, അവരുടെ കേന്ദ്രമായ 'ഊപര്‍ സനാഇയ്യ' സൈന്യം അരിച്ചുപെറുക്കി ശുദ്ധികലശം നടത്തി..  മൂന്ന്നാല്‌ ദിവസം ​ഇന്‍റ്റസ്‌ട്രിയല്‍ ഏരിയ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു.. അവിടെ താമസിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിഞ്ഞില്ല.. ടൌണില്‍ താമസിച്ചിരുന്ന ഞാന്‍ ജോലിക്ക് പോകാന്‍ ടാക്`സി കയറി, അങ്ങോട്ട്  പോകാന്‍ കഴിയാതെ 'നാദി അല്‍ഐന'ടുത്ത് വരെ പോയി തിരിച്ചു പോരേണ്ടി വന്നു..
ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്‍` ഞാനന്ന്‍ സൈന്യത്തിന്‍റെ പിടിയലകപ്പെടാതെ രക്ഷപ്പെട്ടത്..! എന്‍റെ കൈവശമുള്ള ബത്താക്ക നാലഞ്ച് മാസം മുമ്പ് കാലാവധി തിര്‍ന്നതായിരുന്നു. പിടിക്കപ്പെട്ട് ജയിലില്‍ നരകിക്കേണ്ടീ വന്നേനേ..! 
പ്രശ്‌നങ്ങള്‍ അവസാനിച്ച് പട്ടാളവും പോലീസും പിന്‍വാങ്ങി, സാധാരണ നിലയിലായ ശേഷമാണ്‌ ജോലിക്ക് പോകാന്‍ കഴിഞ്ഞത്.. ജോലിസ്ഥലത്തെത്തിയപ്പോഴാണ്‌ നാരായണന്‍റെ ഗ്രോസറി കത്തിക്കിടകുന്നത് കണ്ടത്.. പഠാണികള്‍ തീ വെച്ച കടകളിലൊന്ന് അതായിരുന്നു..! കൂടെ ജോലി ചെയ്യുന്ന തമിഴനടക്കം പരിചയക്കാരായ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരേയും നാട്ടിലേക്ക് കയറ്റിവിടുമെന്നും അറിയാന്‍ കഴിഞ്ഞു.. ഒന്നും ചെയ്യാനാവില്ലല്ലോ എന്ന നിസ്സഹായതയോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി..!








11 November 2011

ഗള്‍ഫ് സ്‌മരണകള്‍ - 7

17



നുജന്‍റെ വിസക്കാര്യവുമായി ബന്ധപ്പെട്ടാണ്` ബാവാക്കയെ കാണുന്നതും പരിചയപ്പെടുന്നതും.. വെളുത്തുമെലിഞ്ഞ ശരീരപ്രകൃതിയും മുക്കാല്‍ ഭാഗവും നരച്ച, വെട്ടിയൊതുക്കിയ താടിയും സദാ പുഞ്ചിരി തൂകുന്ന മുഖവും സംസാരവും, കാഴ്‌ചയില്‍ തന്നെ സാധുവും നിഷ്‌കളങ്കനും.. അന്‍പതിലധികം പ്രായമായ അദ്ദേഹം കാല്‍ നൂറ്റാണ്ടിനടുത്തായി ഗള്‍ഫിലെത്തിയിട്ട്.. അല്‍ ഐനില്‍ 'മസ്‌യദ്' റോഡിലുള്ള 'ശരികാതി'ലെ ഒരു കംബനിയിലാണ്` ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ പരിചയത്തിലുള്ള ഒരാള്‍ മുഖേനയാണ്` വിസ സംഘടിപ്പിക്കുന്നത്, ആ പരിചയം വളരുകയും ഇടക്കൊക്കെ അദ്ദേഹം റൂമില്‍ വരുകയും ഞങ്ങളുടെ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കു ചേരുകയും ചെയ്‌തു.


ബാവാക്കയുടെ മകന്‍ അല്‍ ഐനില്‍ തന്നെയുള്ള കൊ ഓപറേറ്റിവ് സൊസൈറ്റിയുടെ സൂപര്‍ മാര്‍ക്കറ്റിലാണ്' ജോലി ചെയ്യുന്നത്, അബുദാബി റോഡില്‍ കംപനി അക്കമഡേഷന്‍ റൂമിലാണ്` തമസം. ഒരു പ്രഭാതത്തില്‍ മകന്‍റെ മരണവാര്‍ത്തയറിഞ്ഞ് ബാവാക്കയോടൊപ്പം ഞങ്ങളും ഞെട്ടിത്തരിച്ചു..! താമസസ്ഥലത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ രാവിലെ കൂടെ താമസിക്കുന്നവര്‍ കാണ്ടെത്തുകയായിരുന്നു
എന്നറിഞ്ഞപ്പോള്‍ ഞെട്ടലിന്‌ ശക്തി കൂടി..! എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ ബാവാക്കയും ബന്ധുക്കളും ഞങ്ങളുമെല്ലാം പരക്കം പാഞ്ഞു..
മകന്‍റെ മരണം കൊലപാതകമായിരിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നും പാവം ആ പിതാവ് തറപ്പിച്ചു പറഞ്ഞു.. ഞങ്ങളും അങ്ങനെതന്നെ വിശ്വസിക്കുകയും ആത്മഹത്യയായിരിക്കരുതേയെന്ന് മനസാ പ്രര്‍ത്ഥിക്കുകയും ചെയ്തു.. കുടുംബപരമായോ മറ്റോ ഒരുതരത്തിലൂള്ള പ്രശ്നവുമില്ലെന്നും ഭാര്യവും കുഞ്ഞുമുള്ള മകന്‍ തലേന്നു വരെ നാട്ടിലേക്ക് വിളിക്കുകയും ഭാര്യയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഗദ്ഗദത്തോടെയും കണ്ഠമിടറിയുമാണ്` ബവാക്ക പറഞ്ഞിരുന്നത്..
ജോലിസ്ഥലത്ത് ഈജിപ്ഷ്യനായ സൂപര്‍വൈസറുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് മാനേജറോട് സംസാരിക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. അതിന്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ബാവാക്കയോടൊപ്പം ഞങ്ങളും ആത്മഗതം ചെയ്‌തു..! 
ജഢം പോസ്‌റ്റ്മോര്‍ട്ടത്തിനും മറ്റും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി, ബന്ധുക്കളും നാട്ടുകാരും പരിചക്കാരും മറ്റുമായി അനേകമാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു..! സ്വതവെ സാധു പ്രകൃതക്കാരനായ ബാവാക്കയെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറയുകയും മനസില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.. അദ്ദേഹം അസാമാന്യമായ ആത്മനിയന്ത്രണവും പക്വതയുമാണ്‌ പ്രകടിപ്പിച്ചിരുന്നത്.. എങ്കിലും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തതും തക്കര്‍ന്നു പോയതുമായൊരു ഹൃദയം ഞങ്ങള്‍ക്ക് വ്യക്തമായും കാണാമായിരുന്നു..!
കൂടെ താമസിച്ചിരുന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു, റൂമിലൊരാള്‍ അസ്വാഭാവികമായി മരനപ്പെട്ടാല്‍ മറ്റുള്ളവരെ പിടിക്കുക സാധാരണമാണ്..! എഴുതി വെച്ചിരുന്ന കുറിപ്പില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം മരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത് കൊണ്ട് പോലീസും അധികൃതരും മരണം ആത്മഹത്യയായി സ്ഥിരീകരിച്ചു.. ബാവാക്കയെപോലെ ഞങ്ങളും ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി..!
"എന്ത് പൊട്ടത്തരമാണ്` ചെയ്‌തത്..?!"
കൂടിയവരെല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു..
"എന്തിനാ ആ കുട്ടി ഇത് ചെയ്‌തതെന്ന" ബാവാക്കയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്‌ മറുപടിയോ അശ്വാസവചനമോ ഞങ്ങള്‍ക്കാര്‍ക്കും പറയാനായില്ല..!
 'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക' എന്നൊക്കെ  എല്ലാവരും പരസ്പരം പറഞ്ഞു, 
'ഇവിടുത്തെ ജീവിതവും മരണശേഷമുള്ളവും ജീവിതവും നഷ്ടപ്പെടുകയല്ലേ അത് നിമിത്തമുണ്ടാകുന്നത്..'? 'മനുഷ്യന്‍റെ ബലഹീനതയും അവിവേകവും..!!'  
മകന്‍റെ ഭാര്യാപിതാവിനെ ബാവാക്ക തന്നെയാണ്‌ ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!'  എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..!                                                മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും, പിറ്റേന്നത്തെ ഫ്ലൈറ്റില്‍ ബാവാക്കയും ഒരുബന്ധുവും കൂടി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു... മകനെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലിയൊക്കെയായി കടബാധ്യതകളൊക്കെ തീര്‍ത്ത് ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കാനിരുന്ന ആ പിതാവ് മകന്‍റെ മയ്യിത്തുമായാണ്‌ നാട്ടിലേക്ക് യാത്രയാകേണ്ടി വന്നത്..!!

11 October 2011

ഗള്‍ഫ് സ്‌മരണകള്‍ - 6

6



1992ന്‍റെ തുടക്കത്തിലാണ്` ഞാന്‍ അല്‍ ഐനിലെത്തിയത്, യു എ ഇ തലസ്ഥാനമായ അബൂദാബിയിലെ ഗ്രീന്‍ സിറ്റി, സൈകതഭൂമിയിലെ ഹരിതാഭമായ പ്രദേശം, മറ്റു നഗരങ്ങളെ അപേക്ഷിച്ച് വൃക്ഷരങ്ങളും കൃഷിയിടങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ഉദ്യാനങ്ങളും അല്‍ ഐനിലെ സവിശേഷതകളാണ്`.
'അല്‍ ഐന്‍ ഒയാസിസ്' എന്നറിയപ്പെടുന്ന ഈത്തപ്പഴത്തോട്ടവും അതിലെ പ്രകൃതിദത്തമായ ജലമൊഴുകുന്ന കനാലും നഗരത്തിന്‍റെ ഹൃദയഭാഗത്താണ്. തണുപ്പുകാലത്ത് ഇളം ചൂടും ചൂട്കാലത്ത് സുഖശീതളവുമായ ജലം കനാലിന്‍റെ പ്രത്യേകതയാണ്`.. തോട്ടത്തിലൂടെ നടക്കുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്നൊരനുഭവമാണ്, നാട്ടിലെ വിശാലമായ തെങ്ങിന്‍ തോപ്പിലൂടെയോ കവുങ്ങിന്‍ തോട്ടത്തിലൂടെയോ നടക്കുന്നതു പോലെ..! 


സനാഇയ (ഇന്ഡസ്ട്രിയല്‍ ഏരിയ) യിലെ ഒരു സൈന്‍ബോഡ് കടയിലാണ്` ആദ്യമെത്തിയത്. മലയാളിയായ വേലപ്പന്‍ നായരായിരുന്നു കടയുടമ.. അയാളുടെ തിരുവനന്തപുരം ശൈലിയിലുള്ള തെറി
   പ്രയോഗങ്ങളും വൈകുന്നേരങ്ങളിലുള്ള വെള്ളമടിയും ശംബളത്തിന്‍റെ കാര്യത്തിലുള്ള 'പിന്നെ/നാളെ'കളും.. പുള്ളിയോട് എന്ത് ചൊദിച്ചാലും പറഞ്ഞാലും ആദ്യം വായില്‍ നിന്ന് വീഴുക "പറി" എന്നായിരിക്കും..!   പുള്ളി ശരിക്കുമൊരു വേലവെപ്പന്‍ നായ(രാ)ണെന്ന് അധികം താമസിയാതെ എനിക്ക് മനസിലായി..!  


അത്കൊണ്ട് മൂന്ന് മാസമായപ്പോഴേക്കും അവിടെനിന്ന് സനാഇയയില്‍ തന്നെയുള്ളൊരു അഡ്വെര്‍ടൈസിങിലേക്ക് മാറി..!  ഒരു പാകിസ്ഥാനിയാണ്` കടയുടമ, കൊല്ലത്തുകാരനായ ശശിയായിരുന്നു ആര്‍ടിസ്റ്റ്, ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഗള്‍ഫിലെത്തിയിട്ട്, പ്രായമായിത്തുടങ്ങി... വെള്ളമടിക്കുന്ന ശീലമുള്ളതുകൊണ്ട് വലിയ സംബാദ്യമൊന്നുമില്ല.. മൂത്ത മകള്‍ക്ക് വിവാഹപ്രായമായി.. പുള്ളി നാട്ടില്‍ പോയിട്ട് നാല്` വര്‍ഷത്തോളമായി.. അടുത്തൊന്നും പോകുന്ന ലക്ഷണമുണ്ടെന്ന് തോന്നുന്നുമില്ല.. അശ്ലീലം പറയുന്നതില്‍ അതീവതല്പരനും മിടുക്കനുമാണ്.. ഡ്രോയിംഗും പെയന്‍റിംഗുമെല്ലാം നന്നായി ചെയ്യും, തലേന്നത്തെ വെള്ളത്തിന്റെ ഹാങോവറില്‍ എന്തെങ്കിലുമൊക്കെ അബദ്ധങ്ങള്‍ ചെയ്തുവെക്കും..!
ഇങ്ങേരുടെ അസിസ്റ്റന്‍റായി അവിടെയെത്തിയ എനിക്ക് പലപ്പോഴും ഇയാള്‍ ഒപ്പിച്ചുവെക്കുന്ന അബദ്ധങ്ങള്‍ നേരെയാക്കേണ്ടിവന്നിട്ടുണ്ട് ! ഒരു ലക്കട സൈക്കിളിലാണ്` സനാഇയയിലെ ഗല്ലികളിലൂടെയുള്ള സഞ്ചാരം..!


തൊട്ടടുത്ത ബില്‍ഡിംഗിലാണ്` മലപ്പുറത്തുജാരനായ കുമാരേട്ടന്റെ (പേര്‍ യഥാര്‍ത്ഥമല്ല) ഗ്രോസറി, അത്യാവശ്യ സാധനങ്ങളൊക്കെ അവിടെനിന്നാണ്` വാങ്ങുക. കടയുടെ പിറകുവശത്തുള്ള റൂമിലാണ്` താമസം, സന്ധ്യയായാല്‍ അവിടെ പലരും വരുന്നത് കാണാം. വ്യാഴാഴ്ചകളില്‍ ആളുകള്‍ കൂടും.. കുടിയും കളിയുമാണവിടെയെന്ന് പിന്നെ മനസിലായി.. അനധികൃത മദ്യവില്‍പനയും ..!
ഇടക്ക് ദുബായില്‍ നിന്നൊരാള്‍ ഒന്നോ രണ്ടോ സ്ത്രീകളേയുമായി വരാറുണ്ട്..! ഗള്‍ഫില്‍ ഇങ്ങനെയുള്ള വാണിഭങ്ങളിലൂടെയും ആളുകള്‍ സമ്പാദിക്കുന്നു. കുറുക്കുവഴികളിലൂടെയും മറ്റുള്ളവരെ പറ്റിച്ചും എങ്ങനെയും നാല്` കാശ് ഉണ്ടാക്കുന്നവര്‍ മാന്യരും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരുമാണ്.. 



ദാരിദ്ര്യത്തില്‍നിന്നും പ്രാരാബ്‌ധങ്ങളില്‍ നിന്നും കരകയറാന്‍ പ്രതീക്ഷയോടെ ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികളിലധികവും ഇത്തരം വാണിഭക്കാരുടെ വലയില്‍ വന്നുവീണ്` ജിവിതം തകരുന്നു..  ഇത്തരം നീരാളിവലകളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളമാണ്.. അടുത്തകാലത്തുണ്ടായ ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഇരയെപ്പൊലെ ധൈര്യവും മനക്കരുത്തും പ്രകടിപ്പിക്കുവാന്‍ അധികപേര്‍ക്കും സാധിക്കണമെന്നില്ല..  അതിനാലവര്‍ വന്നുപെട്ട 'ജോലി' മനമില്ലാമനസോടെ നിര്‍വഹിക്കുന്നു..! ഇതൊന്നുമറിയാതെ വീട്ടുകാര്‍ മാസം തോറും ഇവരയക്കുന്ന ഡ്രാഫ്‌റ്റുകള്‍ കൊണ്ട് 'സുഖമായി' ജീവിക്കുന്നു.!





17 August 2011

ഒരു പ്രവാസിയുടെ ഓര്‍മക്ക്...

6

മുറബ്ബ റൌണ്‍ട് - അല്‍ ഐന്‍
അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്ന ശേഷമാണ്‍ മുയ്തീന്‍ക്കയെ ആദ്യമായി കാണുന്നത്.. സ്വദേശത്ത് പോയി തിരിച്ചു വന്ന ഒരു പ്രവാസിയുടെ മനസ് കുറച്ചു ദിവസത്തേക്ക് സദാ പ്രക്ഷുബ്ധമായിരിക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍കള്‍ ..! ആനന്ദകരവും ആസ്വാദ്യകരവുമായൊരു പുലര്‍കാലസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ.. വീടും നാടും കുടുംബവും കുട്ടികളുമൊക്കെയായി ആഹ്ളാദകരമായ അന്തരീക്ഷത്തില്‍ നിന്ന് പിഴുതെടുത്ത മനസ്, പ്രവാസജീവിതത്തിലെ ആവര്‍ത്തനവിരസമായ ദിനചര്യകളും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുവാന്‍ അല്പം ക്ളേശിക്കുമെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഈ അനിവാര്യതകളുമായി സമരസപ്പെടുകയല്ലാതെ നിര്‍വ്വാഹമില്ല .. സ്വയം കൃതാനര്‍ത്ഥമായതിനാല്‍ പരിദേവനള്‍ക്ക് പ്രസക്തിയില്ല താനും ..!



ഒരു നോംബ്കാലമായിരുന്നു, വൈകുന്നേരം ജോലിയില്ലാത്തതിനാല്‍ നേരം വൈകിയാണ്` ഞാന്‍ താമസസ്ഥലത്തെത്തിയത്, പ്രധാനകവാടത്തിലെ ത്തിയപ്പോള്‍ 50 - 55 വയസ് തോന്നിക്കുന്ന ഒരാള്‍ അകത്ത് നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി പോയി. വിവിധജില്ലക്കാരായ പത്തിരുപത് പേര്‍ താമസിക്കുന്ന. കേരളത്തിന്‍റെ ഒരു പരിച്ഛേദമായ ഞങ്ങളുടെ വില്ലയില്‍ ഇങ്ങനെയൊരാള്‍ താമസിക്കുന്നില്ലല്ലോ.. ചിലപ്പോള്‍ ആരെയെങ്കിലും കാണാന്‍ വന്നതായിരിക്കും ..!
പിന്നീടാണറിഞ്ഞത് ഞങ്ങള്‍ക്ക് രണ്ട് നേരം ഭക്ഷണം ഉണ്ടാക്കിത്തരുന്ന മുയ്തീന്ക്കയാണ്` അതെന്നും ഒരുപാട് കഷ്ടപ്പാടുകളും പ്രയാസങ്ങളുമുള്ള ആളാണെന്നും ..!  

കാല്‍ നൂറ്റാണ്ടിലേറെയായി മുയ്തീന്‍ക്ക ഗള്‍ഫിലെത്തിയിട്ട്. മലബറില്‍നിന്ന് ഗള്ഫിലേക്കുള്ള പ്രവാഹത്തിലെ ഒരു കണ്ണിയായി,  മലപ്പുറം ജില്ലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് വാഹനം  കയറിയത് എല്ലാവരേയും പോലെ ഏറെ പ്രതീക്ഷകളോടെയായിരുന്നു. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളി പല  ജോലികളും ചെയ്തെങ്കിലും എല്ലാം താല്കാലികവും തുച്ഛമായ വേതനം മാത്രമുള്ളതുമായിരുന്നു. ചെറുതെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യുകയാണുത്തമമെന്ന് കണ്ടാണ്` കുറച്ച് പൈസ ഒപ്പിച്ച് അദ്ദേഹം ഒരു ഗ്രോസറി തുടങ്ങാന്‍ തീരുമാനിച്ചത്. ജോലി ചെയ്യാനുള്ള ഓട്ടവും പൈസക്കുള്ള പരക്കം പാച്ചിലുമായി അത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല..  എങ്കിലും മുയ്തീന്‍ക്ക പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടര്‍ന്നു, വളരെ പ്രയാസപ്പെട്ടാണെങ്കിലും അത് യാഥാര്‍ത്ഥ്യമായി.. അല്‍ ഐന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തല്ലെങ്കിലും അധികം ഉള്ളിലുമല്ല.. തുടക്കത്തിലുള്ള പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നെ തരക്കേടില്ലാത്ത നിലയില്‍ മുന്നോട്ട് പോയി. ബാധ്യതകളൊക്കെ സമയത്തിന്` മുംബ് തന്നെ തീര്‍ക്കാന്‍ സാധിച്ചു..


മൂന്ന് നാല്` വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കച്ചവടം വളരെ നല്ല നിലയിലായി.. കട വികസിപ്പിക്കണമെന്നും സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും അദ്ദേഹം ആലോചിച്ചു തുടങ്ങി. ഇപ്പോഴുള്ള കെട്ടിടം പഴയതായതിനാല്‍ പൊളിച്ചുകളയാന്‍ സാധ്യതയുമുണ്ട്..  അധികം താമസിയാതെ അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമായി, കുറച്ചപ്പുറത്തുള്ള ഒരു ബില്‍ഡിംഗില്‍ സൌകര്യപ്രദമായ രീതിയില്‍ ഷോപ് ലഭിച്ചു, അങ്ങനെ മുയ്തീന്‍ക്കയുടെ അശ്രാന്ത പരിശ്രമത്താല്‍ ആ കട നല്ല സൌകര്യമുള്ളൊരു ഷോപായി ഉയര്‍ന്നു.. രണ്ട്മൂന്ന് പേരെ ജോലിക്ക് വെച്ചു..
അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത മുയ്തീന്‍ക്ക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു, ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും സഹായഹസ്തം നീണ്ടു..

 മുയ്തീന്‍ക്കയുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി.. നാട്ടില്‍ സ്ഥലം വാങ്ങി സൌകര്യപ്രദമായ വീട് പണിതു, അടുത്തുള്ള അങ്ങാടിയില്‍ വാടകകെട്ടിടം നിര്‍മ്മിച്ചു
മൂത്ത മകളെ നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു, രണ്ടാമത്തെ മകളുടെ വിവാഹമുറപ്പിച്ചു.. ഇത്രയുമായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതം രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരുന്നു..
തൊഴിലാളികളെ അമിതമായി വിശ്വസിക്കുകയും ബ്ലാങ്ക് ചെക്കുകള്‍ പോലും ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്ന അദ്ദേഹം ഒരു തവണ നാട്ടില്‍ പോയി നാല്` മാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും സ്ഥാപനം ഏതാണ്ട് തകര്‍ന്ന അവസ്ഥയിരുന്നുവെന്ന് മാത്രമല്ല, ഭീമമായ സംഖ്യ ബാധ്യതയായി ചുമലില്‍ വീഴുകയും ചെയ്തു..! തൊഴിലാളികളുടെ  വഞ്ചനയും പിടിപ്പുകേടും മൂലം ഇടപാടുകാര്‍ക്ക് നല്‍കാനുണ്ടായിരുന്ന സംഖ്യ വളരെ വലുതായിരുന്നു...! ചെക്കുകള്‍ മടങ്ങിയ കേസുകള്‍ വേറെയും ..  സാധനങ്ങള്‍ കുറവായതിനാല്‍ ആരും കടയില്‍ കയറാത്ത അവസ്ഥ..  കട മുന്നോട്ട് കൊണ്ട്പോകാന്‍ കഴിയാത്ത വളരെ മോശമായ സാഹചര്യമായതിനാല്‍ നഷ്ടത്തിനാണെങ്കിലും വില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി..!!
കഷ്ടപ്പെട്ട്, വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത സ്ഥാപനം  കൈവിട്ടുപോവുക മാത്രമല്ല, സാംബത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിന്` നാട്ടിലെ വീടും സ്ഥലവും കെട്ടിടവുമെല്ലാം വില്‍ക്കേണ്ട ഗതികേടിലുമായി.. കുടുംബത്തിന്റെ താമസം വാടകവീട്ടിലായി 
രണ്ടാമത്തെ മകളുടെ വിവാഹം മുടങ്ങുകയും ചെയ്തു..!
ഇപ്പോള്‍ അഞ്ച് വര്‍ഷമാകാറായി മുയ്തീന്‍ക്ക നാട്ടില്‍ പോയിട്ട്.. കടബാധ്യതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു.. വിസ, ബത്താക്ക തുടങ്ങിയ പ്രശ്നങ്ങള്‍ .. പഴയ പോലെ ഓടിച്ചാടി പണിയെടുക്കാനാവാത്ത  ശാരീരികവും ആരോഗ്യപരവുമായ പ്രയാസങ്ങള്‍ ... ! 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുയ്തീന്‍ക്ക പരാതികളും പരിദേവനങ്ങളുമില്ലാതെ പ്രതീക്ഷയോടെയും പ്രര്‍ത്ഥനയോടെയും തനിക്ക് കഴിയുന്ന ജോലികള്‍ ചെയ്തു... അങ്ങനെയാണ്` ഭക്ഷണമുണ്ടാക്കുന്ന 'ഉസ്താദ്'ആയി മുയ്തീന്ക്ക ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.. പ്രവാസകാലത്തെ നൊംബരങ്ങളിലും നേരംബോക്കുകളിലും പങ്കാളിയായി..!

മുയ്തീന്‍ക്ക എന്ന പേര്‍ യഥാര്‍ത്ഥമല്ല, അദ്ദേഹമിപ്പോള്‍ എവിടെയാണെന്നറിയില്ല.. പ്രവാസ ജീവിതത്തില്‍ നിന്നുള്ള മടക്കയാത്രയിലെവിടെയോ വെച്ചു മറന്ന, നഷ്ടപ്പെടാന്‍ ഒന്നും ബാക്കിവെച്ചിട്ടില്ലാത്തൊരു പാവം പ്രവാസിയുടെ ദൈന്യമുഖം നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു റമദാനില്‍ ഓര്‍ത്തെടുക്കുകയാണ്..!

18 July 2011

ലേബര്‍ ചെക്കിംഗ്

6

ഗള്‍ഫ് സ്മരണകള്‍-4
'ലേബര്‍ ചെക്കിംഗ്'മിക്ക പ്രവാസികളുടേയും പേടിസ്വപ്നമാണ്.. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ വിസക്കാരല്ലാത്തവര്‍ക്കാണീ പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുന്നത്. സാധാരണക്കാരായ പ്രവാസികളധികവും ഇങ്ങനെയുള്ളവരാണ്` താനും. ഈ ലേബര്‍ പേടിയിലാണ്` ബര്‍ദുബായിലെ ഒരു സൈന്‍ബോര്‍ഡ് കടയില്‍  ഞാന്‍ ജോലി ചെയ്തിരുന്നത്. ആറേഴ് മാസത്തെ കുത്തിയിരിപ്പിനും കാത്തിപ്പിനും ശേഷമാണ്` ചെറുതെങ്കിലും ഈ ജോലി തരപ്പെട്ടത്. ഏത് സമയത്തും പ്രതീക്ഷിക്കാവുന്നതാണ്` 'ജിബ് ബത്താക്ക' എന്ന ലേബര്‍ പോലിസിന്‍റെ ചോദ്യം! ലേബര്‍ പരിശോധനയുണ്ടെന്ന് കേട്ടാലുടനെ കടയുടെ പിറകുവശത്തുള്ള റൂമില്‍ ഒളിച്ചിരിക്കും !

എന്നെപ്പോലെ ആ കടയുടെ വിസക്കാരനല്ലാത്ത വേറൊരാള്‍ കൂടി അവിടെ ജോലി ചെയ്യുന്നുണ്ട്. പരിസരത്തെവിടെയെങ്കിലും ലേബര്‍ ചെക്കിംഗ് നടക്കുന്നുണ്ടെങ്കില്‍ പരസ്പരം വിവരം നല്കുമെന്നതിനാല്‍ ശ്രദ്ധിക്കാന്‍ സാധിക്കും.. പരിചയമുള്ള പലരും ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്.. 

 
പിടിക്കപ്പെട്ടാല്‍ പിന്നെ പുറത്തിറങ്ങുക പ്രയാസമാണ്, ബന്ധുക്കളാരെങ്കിലും എയര്‍ടിക്കറ്റ് കൊണ്ടുകൊടുത്താല്‍ കഴിയുന്നതും വേഗം നാട്ടിലേക്ക് കയറ്റി വിടും, ഇല്ലെങ്കില്‍ അധികൃതരുടെ കനിവുണ്ടാവുന്നതു വരെ ജയിലില്‍ കഴിയേണ്ടി വരും ! (ജയിലില്‍ അധികനാള്‍ കിടക്കേണ്ടിവരില്ല, ബന്ധുക്കളോ നാട്ടുകാരോ സുഹൃത്തുക്കളോ പരിചയക്കാരോ ആയ ആരെങ്കിലും സഹകരിച്ച് ടിക്കറ്റെടുത്തു കൊടുത്ത് സഹായിച്ചിരിക്കും. അതാണ്`പ്രവാസികലുടെ ഒരു രീതി..! ) സ്പോണ്‍സര്‍ ശ്രമിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കും. അങ്ങനെ രക്ഷപ്പെട ഭാഗ്യവാന്‍മാരുമുണ്ട്..! എങ്ങനെയൊക്കെയോ ഒരു വിസ സംഘടിപ്പിച്ച് ആദ്യമായി ഗള്‍ഫിലെത്തിയിട്ട് ഒന്നോ രണ്ടോ മാസം കഴിയുംബോഴേക്കും പിടിയിലായി നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടിവന്ന ഹതഭാഗ്യരെത്ര..!?
വിസ, ബത്താക (ഐഡന്‍റിറ്റി കാര്‍ഡ്) തുടങ്ങിയ രേഖകളൊന്നുമില്ലാതെ വര്‍ഷങ്ങളോളം പിടി കൊടുക്കാതെ (പിടിക്കപ്പെടാതെ)പലയിടങ്ങളിലായി മാറി മാറി പണിയെടുക്കുന്നവരെത്ര..? അറബിവീടുകളിലെ അടുക്കളകളില്‍.. ഈത്തപ്പനത്തോട്ടങ്ങളില്‍.. ഒട്ടകങ്ങളുടേയും ആട്ടിന്‍പറ്റങ്ങളുടേയും കൂടെ.. നാട്ടില്‍ പോകാന്‍ കഴിയാതെ അടിമകളെപോലെ പേറുന്നവര്‍..! പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രവാസിയുടെ നൊംബരങ്ങളുടേയും വേദനകളുടേയും കഥകള്‍.. 'ഗര്‍ഷോമുകളിലൂടെയും 'ഗദ്ദാമ'കളിലൂടെയും ആടുജീവിതങ്ങളിലൂടെയും പുനര്‍ജനിക്കുന്നു...!

1 July 2011

ഗള്‍ഫ്‌ സ്‌മരണകള്‍ 

2


 വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുക പതിവാണ്, കൂട്ടിന്` തുല്യ ദുഖിതരായ (ജോലിയില്ലാത്തവര്‍) ആരെങ്കിലുമുണ്ടാവും .  താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നിറങ്ങുന്നത് റഫ സ്ട്രീറ്റിലേക്കാണ്, മുന്നില്‍ ഈയിടെ പത്മശ്രീ നേടിയ ഡൊക്ടര്‍ ആസാദ് മൂപ്പന്റെ റഫ പോളി ക്ളീനിക്.  റഫ പൊലീസ് സ്റ്റേഷനും ടാക്സിസ്റ്റാന്റും കഴിഞ്ഞാല്‍ അബ്ര (ക്രീക്) അബ്രയുടെ തീരത്തുകൂടെ കടല്‍ കാറ്റേറ്റ് നടക്കാം .. ഇരിക്കാന്‍ ബെഞ്ചുകളുമുണ്ട്..ബര്‍ദുബായും ദേര ദുബായും തമ്മില്‍ വേര്‍തിരിക്കുന്ന പുഴ പോലെയാണ്` അബ്ര ! ഇരുകരയിലും  തലയുയര്‍ത്തി നില്ക്കുന്ന കൂറ്റന്‍ ബില്ഡിങ്ങുകള്‍ ..   സന്ധ്യക്ക് വിളക്കുകള്‍ തെളിയുംബോള്‍ അബ്ര വശ്യമനോഹരമായൊരു ദൃശ്യമായി മാറുന്നു..! അബ്രയില്‍ ബോട്ടുകള്‍ സഞ്ചരിക്കുന്നുണ്ട്, ബറ്ദുബായില്‍നിന്ന് ദേരയിലേക്കും തിരിച്ചും ബോട്ടുകള്‍ ടാക്സി സര്‍വീസ് നടതുന്നുണ്ട്,  സാധാരണക്കാരായ ജോലിക്കാര്‍ക്കും മറ്റും ഇത് പ്രയോജനകരമാണ്.



ദേരയിലേക്ക് റോഡുമാര്‍ഗം പോകുന്നതിന് `ഒരുഭാഗത്ത് ജലാന്തര്‍ഭാഗത്തുകൂടെ ശിന്തഗ ടണലും മറുഭാഗത്ത് മക്തൂം ബ്രിഡ്ജുമാണുള്ളത്. ടണലിനോട് ചേര്‍ന്ന് നടന്നു പോകാനുള്ള സബ്‌വേ സൌകര്യവുമുണ്ട്.  ക്രീക്കിനടുത്താണ്` കൂടെ താമസിക്കുന്ന താനൂര്‍ക്കാരനായ മുയ്തുട്ടിക്ക ജോലിയെടുക്കുന്ന കഫ്തീരിയ. മുയ്തുട്ടിക്ക അവിടത്തെ ബാര്‍വാലയാണ്. ഇടക്കൊക്കെ അവിടെനിന്ന് ചായയും സാന്ഡ്‌വിചും വാങ്ങി ഞങ്ങള്‍ ക്രീക്കിന്` സമീപമിരുന്ന് കഴിച്ചു കൊണ്ട് നാട്ടുവര്‍ത്തമാനം  പറഞ്ഞിരിക്കും . സന്ധ്യാ സമയത്തെ ക്രീക്കിന്റെ സൌന്ദര്യം ആസ്വദിക്കുകയുമാവാം .


അന്പതിനോടടുത്ത പ്രായമുള്ള മുയ്തുട്ടിക്ക തന്‍റെ യൌവനാരംഭത്തില്‍ തന്നെ പ്രവാസജീവിതം തുടങ്ങിയിരുന്നു. ഒരു സാധാരണ പ്രവാസിയുടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും അദ്ധേഹം  അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ വിസ കാലാവധി തീര്‍ന്നിട്ട് രണ്ട് വര്‍ഷത്തിലേറെയായി.. യു എ ഇ ഗവണ്മെന്റിന്‍റെ കണ്ണില്‍ മുയ്തുട്ടിക്ക അനധികൃത താമസക്കാരനാണ്` ! നാട്ടില്‍ പോകണമെങ്കില്‍ ഇനി ലേബര്‍ പരിശോധനയില്‍ പിടിക്കപ്പെടണം .  മുയ്തുട്ടിക്ക അതിന്` തയ്യാറെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു..


അദ്ദേഹത്തെകുറിച്ചൊരു സംഭവം റൂമില്‍ പറയുന്നത് കേട്ടിട്ടുണ്ട്. യഥാര്‍ത്ഥമാണോ എന്നറിയില്ല. ചിലപ്പോള്‍ ആരെങ്കിലും തമാശയായി പറഞ്ഞത് പിന്നീട് പാടിപ്പതിഞഞതാവാം..!
 ഒരിക്കല്‍  പരിശോധനക്കായി ലേബര്‍ പൊലീസ് വാഹനവുമായി കടയുടെ തൊട്ടപ്പുറത്ത് വന്നു. പൊലിസ് മറ്റൊരു കടയിലേക്ക് കയറിയപ്പോള്‍ മുയ്തുട്ടിക്ക വാഹനത്തില്‍ കയറിയിരുന്നു, പിടിക്കപ്പെട്ട രണ്ട്പേര്‍ അതിലുണ്ടായിരുന്നു, പൊലിസ് തിരിച്ചുവന്നപ്പോള്‍ മൂന്നാമതൊരാളെ കണ്ട് മുയ്തുട്ടിക്കയെ ഇറക്കിവിട്ടത്രെ..!

പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ്` അദ്ദേഹത്തിന്` നാട്ടില്‍ പോകാന്‍ സാധിച്ചത്..!




10 June 2011

ഗള്‍ഫ്സ്മരണകള്‍

0


dubai-night-life-nightlife-skyline-image-1001.jpgഗള്‍ഫുകാരന്‍ എന്ന പ്രയോഗത്തിന്` ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. മെഴുകുതിരി പോലെ മറ്റുള്ളവറ്ക്ക് ജീവിതം നല്കി സ്വന്തം ജീവിതം മണലാരണ്യത്തില്‍ ഉരുകി തീരുന്നവന്‍..! സ്വന്തം വീട്ടിലും നാട്ടിലും അതിഥിയെപോലെ വന്നു പോകാന്‍ വിധിക്കപ്പെട്ടവന്‍..  വീട്ടുകാരുടേയും ബന്ധുക്കളുടേയും കറവപ്പശു..  രാജ്യത്തിന്` വിദേശനാണയം നേടിക്കൊടുക്കുന്നവന്‍, എന്നാല്‍ ആനുകൂല്യങ്ങള്‍ക്കൊന്നും ആര്‍ഹതയില്ലാതവന്‍, മുഖത്ത് സദാ വിരഹവേദനയുടെ വിരല്‍പാടുകള്‍ തെളിയുന്നവന്‍  കടംകൊണ്ട് വലയുംബോഴും ലീവിന്` നാട്ടില്‍ ചെല്ലുംബോള്‍ എല്ലാവര്‍ക്കും കൈ നിറയെ നല്കേണ്ടവന്‍, എന്നാലും ഒന്നും തന്നില്ലെന്ന പരാതി കേള്‍ക്കേണ്ടി വരുന്നവന്‍, ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അനേകം വിശേഷണങ്ങള്‍ക്കുടമയാണ്` ഗള്‍ഫുകാരന്‍..!

                                       
ബന്ധുക്കള്‍ നാട്ടുകാര്‍, സുഹ്റ്ത്തുക്കള്‍, സഹപാഡികള്‍, വിവിധദേശക്കാര്‍ ഭാഷക്കാര്‍ അങ്ങനെ പലരേയും കാണാനിടയായി. അംബരചുംബികളായ കെട്ടിടങ്ങള്‍.., പെട്രോളിന്‍റെ സംബന്നത, ഒരിക്കലുമുറങ്ങാത്ത നഗരം...  തൊഴില്‍ തേടി വന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാരുടെ ദൈന്യമുഖം എവിടേയും കാണാം.  ജോലിയില്ലാത്തവര്‍ക്ക് അതിനായുള്ള  നെട്ടോട്ടം..ഉള്ളവര്‍ക്ക് ശമ്ബളം കുറവായത്.. മാസങ്ങളായി ശംബളം കിട്ടാത്തത്.. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍.. വിസയും ബത്താക്ക (തിരിച്ചറിയല്‍ കാര്‍ഡ്) യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,, വീട്ടിലെ  പ്രശ്നങ്ങള്‍,,  മകളുടെ/സഹോദരിയുടെ വിവാഹം,, വീടുനിര്‍മാണം..  അങ്ങനെ തീര്‍ത്താല്‍ തീരാത്ത , അനന്തമായ പ്രശ്നങ്ങളുടെ, പ്രയാസങ്ങളുടെ, കടബാധ്യതകളുടെ, കഷ്ടപ്പാടുകളുടെ, വേര്‍പാടിന്‍റെ, വിരഹവേദനയുടെ, നൊംബരങ്ങളുടെ, നെടുവീര്‍പുകളുടെ ഒരു തുരുത്താണ്` പ്രവാസജീവിതമെന്ന് എനിക്ക് ബോധ്യമായി.  ഒരു സാധാരണ പ്രവാസിയുടെ അവസ്ഥയാണിത്.ഇതിനപവാദങ്ങളുണ്ടാവാം...!


                                                                         ദുബായിലെ മര്‍ഗം മരുഭൂമി
         
ജോലിയന്വോഷണം ഗള്‍ഫ് യുദ്ധമെന്ന വന്‍മതിലില്‍ തട്ടി ഉടക്കി, യുദ്ധമാണെവിടെയും സംസാരവിഷയം..! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാഖില്‍ നിരന്തരമായി ബോംബുകള്‍ വര്‍ഷിക്കുന്നു നഗരങ്ങളും കെട്ടിടങ്ങളും തകരുന്നു.. നിരപരാധികള്‍ മരിച്ചു വീഴുന്നു..  മനുഷ്യജീവിതങ്ങള്‍  ദുരിതം പേറുന്ന കാഴ്ചകള്‍..! ഓരോ യുദ്ധത്തിനും ന്യാന്യായങ്ങള്‍ അനേകമുണ്ട്, നഷ്ടങ്ങളും കെടുതികളും അനുഭവിക്കുന്നത് സാധാരണക്കാരും നിരപരാധികളുമാണെന്ന് മാത്രം...!?


                                 യുദ്ധസമയത്ത് തീ പിടിച്ച എണ്ണ

28 May 2011

ഞാനും ഗള്‍ഫുകാരനായി...

0



ഇറാഖ് പ്രസിഡന്‍ഡ് സദ്ദാം ഹുസയന്‍റെ കുവൈത് അധിനിവേശ സമയത്താണു ഞാന്‍ ആദ്യമായി  ഗള്‍ഫിലെത്തുന്നത്. ദുബായിലെ ഒരറബിവീട്ടില്‍ വേലക്കാരന്‍റെ (ഫ്രീ) വിസയില്‍. എണ്‍പതുകളിള്‍ ഗള്‍ഫിളേക്കുള്ള മലയാളികളുടെ പ്രവാഹം എനിക്കും പ്രതീക്ഷകള്‍ നല്‍കിയിരുന്നു.  വീട്ടിലെ ചുറ്റുപാടുകള്‍, കേവലം പാരലല്‍ കോളേജ് അധ്യാപകന്‍ മാത്രമായ ഞാന്‍,  സര്‍കാര്‍ ജോലിക്ക് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പുകള്‍, അങ്ങനെ ഒരുപാട് നിമിത്തങ്ങളുണ്ടായിരുന്നു ഗള്‍ഫ് മരുഭൂമിയിലെ മരുപ്പച്ച തേടിപ്പോകാന്..! വിസ കിട്ടിയത് പക്ഷേ യുദ്ധസമയത്തായത്കൊണ്ട് വീട്ടുകാര്‍ക്കും മറ്റും ഭയം. കുവൈത്തില്‍ നിന്ന് പ്രവാസികള്‍ മടക്കയാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു.  എങ്കിലും യു എ ഇ യിലേക്കും മറ്റും ആളുകള്‍ പോകുന്നും വരുന്നുമുണ്ടായിരുന്നു. വിസ അയച്ചുതന്ന ഭാര്യാപിതാവിന്‍റേയും മറ്റും നിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു.  തിരൂരില്‍നിന്ന് തീവണ്ടിയില്‍ ബോംബെക്ക്. അക്കാലത്ത്  പ്രവാസികളധികവും ബോംബെ വഴിയാണു യാത്ര, ബോംബെക്ക് ബസിലോ ട്രയ്നിലോ ആണു പോവുക അത്കൊണ്ട് തന്നെ മൂന്നോ നാലോ ദിവസം മുംബ് യാത്ര തുടങ്ങണം . കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് ആരംഭിച്ചതില്‍ പിന്നെ മണിക്കൂറുകള്‍ക്കകം ഗള്‍ഫില്‍ പറന്നെത്താമെന്നായി. 

നാട്ടുകാരായ മൂന്നുനാല്‌ പേര്‍ കൂടെയുണ്ടായിരുന്നു രണ്ടു പേര്‍ ലീവ് കഴിഞ്ഞ് തിരിച്ചുപോകുന്നവരാണ്. കേരളത്തിന്‍ പുറത്തെവിടേയും പോയിട്ടില്ലാത്ത, ബോംബെ പോലുള്ള വന്‍ നഗരങ്ങളില്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത എനിക്ക്  ഇവര്‍ കൂടെയുണ്ടായിരുന്നത് ആശ്വാസകരമായിരുന്നു. രണ്ടു രാത്രിയുടേയും ഒരു പകലിന്‍റേയും യാത്രാ ദൈര്‍ഘ്യമാണ്‌ അന്ന് ബൊംബെക്ക്. ബോംബെയില്‍ ട്രാവല്‍സിന്‍റെ മുകളിലെ ഇടുങ്ങിയ മുറിയില്‍ ഞങ്ങളെക്കൂടാതെ നാലഞ്ചു പേര്‍ വേറെയുമുണ്ടായിരുന്നു, വിമാനയാത്രക്ക് ഊഴം കാത്തിരിക്കുന്നവര്‍, മൂട്ടയുടേയും കൊതുകിന്‍റ്റെയും കടിയേറ്റ് മൂന്ന് ദിവസം അവിടെ കഴിയേണ്ടി വന്നു..

പിറ്റെ ദിവസം ബോംബെ കാണാന്‍ നടക്കാനിറങ്ങി, തിരക്കേറിയ റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

മൂന്നാം ദിവസം  വൈകുനേരം ബോംബെ ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറി. ആദ്യ വിമാനയാത്ര പുതിയൊരനുഭവമായിരുന്നു. ഉള്ളില്‍ ഭയവും !
1990 ആഗസ്റ്റ് 30ന്‌ ദുബായില്‍ വിമാനമിറങ്ങി , ഗള്‍ഫിലെ മരുഭൂമിയുടെ അത്യുഷ്ണത്തിലേക്ക് ഞാനും വന്നു വീണു,

അങ്ങനെ ഞാനുമൊരു ഗള്‍ഫുകാരനായി..!