17 August 2011

ഒരു പ്രവാസിയുടെ ഓര്‍മക്ക്...

മുറബ്ബ റൌണ്‍ട് - അല്‍ ഐന്‍
അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്ന ശേഷമാണ്‍ മുയ്തീന്‍ക്കയെ ആദ്യമായി കാണുന്നത്.. സ്വദേശത്ത് പോയി തിരിച്ചു വന്ന ഒരു പ്രവാസിയുടെ മനസ് കുറച്ചു ദിവസത്തേക്ക് സദാ പ്രക്ഷുബ്ധമായിരിക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍കള്‍ ..! ആനന്ദകരവും ആസ്വാദ്യകരവുമായൊരു പുലര്‍കാലസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ.. വീടും നാടും കുടുംബവും കുട്ടികളുമൊക്കെയായി ആഹ്ളാദകരമായ അന്തരീക്ഷത്തില്‍ നിന്ന് പിഴുതെടുത്ത മനസ്, പ്രവാസജീവിതത്തിലെ ആവര്‍ത്തനവിരസമായ ദിനചര്യകളും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുവാന്‍ അല്പം ക്ളേശിക്കുമെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഈ അനിവാര്യതകളുമായി സമരസപ്പെടുകയല്ലാതെ നിര്‍വ്വാഹമില്ല .. സ്വയം കൃതാനര്‍ത്ഥമായതിനാല്‍ പരിദേവനള്‍ക്ക് പ്രസക്തിയില്ല താനും ..!ഒരു നോംബ്കാലമായിരുന്നു, വൈകുന്നേരം ജോലിയില്ലാത്തതിനാല്‍ നേരം വൈകിയാണ്` ഞാന്‍ താമസസ്ഥലത്തെത്തിയത്, പ്രധാനകവാടത്തിലെ ത്തിയപ്പോള്‍ 50 - 55 വയസ് തോന്നിക്കുന്ന ഒരാള്‍ അകത്ത് നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി പോയി. വിവിധജില്ലക്കാരായ പത്തിരുപത് പേര്‍ താമസിക്കുന്ന. കേരളത്തിന്‍റെ ഒരു പരിച്ഛേദമായ ഞങ്ങളുടെ വില്ലയില്‍ ഇങ്ങനെയൊരാള്‍ താമസിക്കുന്നില്ലല്ലോ.. ചിലപ്പോള്‍ ആരെയെങ്കിലും കാണാന്‍ വന്നതായിരിക്കും ..!
പിന്നീടാണറിഞ്ഞത് ഞങ്ങള്‍ക്ക് രണ്ട് നേരം ഭക്ഷണം ഉണ്ടാക്കിത്തരുന്ന മുയ്തീന്ക്കയാണ്` അതെന്നും ഒരുപാട് കഷ്ടപ്പാടുകളും പ്രയാസങ്ങളുമുള്ള ആളാണെന്നും ..!  

കാല്‍ നൂറ്റാണ്ടിലേറെയായി മുയ്തീന്‍ക്ക ഗള്‍ഫിലെത്തിയിട്ട്. മലബറില്‍നിന്ന് ഗള്ഫിലേക്കുള്ള പ്രവാഹത്തിലെ ഒരു കണ്ണിയായി,  മലപ്പുറം ജില്ലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് വാഹനം  കയറിയത് എല്ലാവരേയും പോലെ ഏറെ പ്രതീക്ഷകളോടെയായിരുന്നു. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളി പല  ജോലികളും ചെയ്തെങ്കിലും എല്ലാം താല്കാലികവും തുച്ഛമായ വേതനം മാത്രമുള്ളതുമായിരുന്നു. ചെറുതെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യുകയാണുത്തമമെന്ന് കണ്ടാണ്` കുറച്ച് പൈസ ഒപ്പിച്ച് അദ്ദേഹം ഒരു ഗ്രോസറി തുടങ്ങാന്‍ തീരുമാനിച്ചത്. ജോലി ചെയ്യാനുള്ള ഓട്ടവും പൈസക്കുള്ള പരക്കം പാച്ചിലുമായി അത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല..  എങ്കിലും മുയ്തീന്‍ക്ക പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടര്‍ന്നു, വളരെ പ്രയാസപ്പെട്ടാണെങ്കിലും അത് യാഥാര്‍ത്ഥ്യമായി.. അല്‍ ഐന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തല്ലെങ്കിലും അധികം ഉള്ളിലുമല്ല.. തുടക്കത്തിലുള്ള പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നെ തരക്കേടില്ലാത്ത നിലയില്‍ മുന്നോട്ട് പോയി. ബാധ്യതകളൊക്കെ സമയത്തിന്` മുംബ് തന്നെ തീര്‍ക്കാന്‍ സാധിച്ചു..


മൂന്ന് നാല്` വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കച്ചവടം വളരെ നല്ല നിലയിലായി.. കട വികസിപ്പിക്കണമെന്നും സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും അദ്ദേഹം ആലോചിച്ചു തുടങ്ങി. ഇപ്പോഴുള്ള കെട്ടിടം പഴയതായതിനാല്‍ പൊളിച്ചുകളയാന്‍ സാധ്യതയുമുണ്ട്..  അധികം താമസിയാതെ അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമായി, കുറച്ചപ്പുറത്തുള്ള ഒരു ബില്‍ഡിംഗില്‍ സൌകര്യപ്രദമായ രീതിയില്‍ ഷോപ് ലഭിച്ചു, അങ്ങനെ മുയ്തീന്‍ക്കയുടെ അശ്രാന്ത പരിശ്രമത്താല്‍ ആ കട നല്ല സൌകര്യമുള്ളൊരു ഷോപായി ഉയര്‍ന്നു.. രണ്ട്മൂന്ന് പേരെ ജോലിക്ക് വെച്ചു..
അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത മുയ്തീന്‍ക്ക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു, ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും സഹായഹസ്തം നീണ്ടു..

 മുയ്തീന്‍ക്കയുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി.. നാട്ടില്‍ സ്ഥലം വാങ്ങി സൌകര്യപ്രദമായ വീട് പണിതു, അടുത്തുള്ള അങ്ങാടിയില്‍ വാടകകെട്ടിടം നിര്‍മ്മിച്ചു
മൂത്ത മകളെ നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു, രണ്ടാമത്തെ മകളുടെ വിവാഹമുറപ്പിച്ചു.. ഇത്രയുമായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതം രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരുന്നു..
തൊഴിലാളികളെ അമിതമായി വിശ്വസിക്കുകയും ബ്ലാങ്ക് ചെക്കുകള്‍ പോലും ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്ന അദ്ദേഹം ഒരു തവണ നാട്ടില്‍ പോയി നാല്` മാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും സ്ഥാപനം ഏതാണ്ട് തകര്‍ന്ന അവസ്ഥയിരുന്നുവെന്ന് മാത്രമല്ല, ഭീമമായ സംഖ്യ ബാധ്യതയായി ചുമലില്‍ വീഴുകയും ചെയ്തു..! തൊഴിലാളികളുടെ  വഞ്ചനയും പിടിപ്പുകേടും മൂലം ഇടപാടുകാര്‍ക്ക് നല്‍കാനുണ്ടായിരുന്ന സംഖ്യ വളരെ വലുതായിരുന്നു...! ചെക്കുകള്‍ മടങ്ങിയ കേസുകള്‍ വേറെയും ..  സാധനങ്ങള്‍ കുറവായതിനാല്‍ ആരും കടയില്‍ കയറാത്ത അവസ്ഥ..  കട മുന്നോട്ട് കൊണ്ട്പോകാന്‍ കഴിയാത്ത വളരെ മോശമായ സാഹചര്യമായതിനാല്‍ നഷ്ടത്തിനാണെങ്കിലും വില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി..!!
കഷ്ടപ്പെട്ട്, വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത സ്ഥാപനം  കൈവിട്ടുപോവുക മാത്രമല്ല, സാംബത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിന്` നാട്ടിലെ വീടും സ്ഥലവും കെട്ടിടവുമെല്ലാം വില്‍ക്കേണ്ട ഗതികേടിലുമായി.. കുടുംബത്തിന്റെ താമസം വാടകവീട്ടിലായി 
രണ്ടാമത്തെ മകളുടെ വിവാഹം മുടങ്ങുകയും ചെയ്തു..!
ഇപ്പോള്‍ അഞ്ച് വര്‍ഷമാകാറായി മുയ്തീന്‍ക്ക നാട്ടില്‍ പോയിട്ട്.. കടബാധ്യതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു.. വിസ, ബത്താക്ക തുടങ്ങിയ പ്രശ്നങ്ങള്‍ .. പഴയ പോലെ ഓടിച്ചാടി പണിയെടുക്കാനാവാത്ത  ശാരീരികവും ആരോഗ്യപരവുമായ പ്രയാസങ്ങള്‍ ... ! 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുയ്തീന്‍ക്ക പരാതികളും പരിദേവനങ്ങളുമില്ലാതെ പ്രതീക്ഷയോടെയും പ്രര്‍ത്ഥനയോടെയും തനിക്ക് കഴിയുന്ന ജോലികള്‍ ചെയ്തു... അങ്ങനെയാണ്` ഭക്ഷണമുണ്ടാക്കുന്ന 'ഉസ്താദ്'ആയി മുയ്തീന്ക്ക ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.. പ്രവാസകാലത്തെ നൊംബരങ്ങളിലും നേരംബോക്കുകളിലും പങ്കാളിയായി..!

മുയ്തീന്‍ക്ക എന്ന പേര്‍ യഥാര്‍ത്ഥമല്ല, അദ്ദേഹമിപ്പോള്‍ എവിടെയാണെന്നറിയില്ല.. പ്രവാസ ജീവിതത്തില്‍ നിന്നുള്ള മടക്കയാത്രയിലെവിടെയോ വെച്ചു മറന്ന, നഷ്ടപ്പെടാന്‍ ഒന്നും ബാക്കിവെച്ചിട്ടില്ലാത്തൊരു പാവം പ്രവാസിയുടെ ദൈന്യമുഖം നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു റമദാനില്‍ ഓര്‍ത്തെടുക്കുകയാണ്..!
Share:

6 comments:

 1. ഇത്തരം ഓര്‍മ്മകള്‍ ഇടയ്ക്കു ഉണ്ടാവുന്നത് വിനയം ഉണര്‍ത്താന്‍ സഹായിക്കും.
  എത്രയോ മോയിതീന്‍ക്കമാര്‍ ഗള്‍ഫില്‍ തീ തിന്നു കഴിയുന്നു!
  (തുടക്കത്തിലേ അക്ഷരതെറ്റ് ശരിയാക്കുമല്ലോ)

  ReplyDelete
 2. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എത്ര വലുതാണ്‌ . ഈ മൊയ്തീന്ക്കമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍. അല്ഹമ്ദുലില്ലാഹ്. സ്വയം ഒരു വിലയിരുത്തലിന്നു സഹായിക്കുന്ന ഒരു നല്ല പോസ്റ്റ്‌. ഇസ്മായിക്ക പറഞ്ഞത് പോലെ വിനയം ഉണര്‍ത്താന്‍ സഹായിക്കുന്നു.

  ReplyDelete
 3. ഇതുപോലത്തെ എത്ര മൊയ്തീന്‍ക്കമാര്‍ ഉണ്ട് ഗള്‍ഫ്‌ നാടുകളില്‍.. സ്വയവിമര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ഒരു പോസ്റ്റ്‌..ആശംസകള്‍.

  ReplyDelete
 4. Enikku valare parichayamulla , allenkil oro pravasiyum orikkalenkilum kandu muttiyittulla moideenka

  ReplyDelete
 5. ഇത്തരം മൊയ്തീനിക്കമാര്‍ ഇപ്പോഴും നമുക്കിടയില്‍ കണാന്‍ കഴിയും.
  പ്രവാസം പ്രയാസത്തിനെക്കാള്‍ പറിച്ചു നടലിന്റെ കഥ പറ്യുന്ന ഭൂതം.....

  ReplyDelete
 6. ഇസ്മായില്‍ കുറുമ്പടി (തണല്‍),
  Jefu Jailaf
  ഒരു ദുബായിക്കാരന്‍
  Ismail Chemmad
  ഷാജു അത്താണിക്കല്‍
  അഭിപ്രായങ്ങള്‍ക്ക് അകം നിറഞ്ഞ നന്ദി..

  ReplyDelete

സഹയാത്രികർ

Google+ Followers

Blog Archive

.

Blog Archive

Recent Posts

Pages