23 June 2012

ഇനിയും പുഴയൊഴുകാതെ..

39



ദേഹത്ത് അവിടെയുമിവിടെയും ചൊറിച്ചില്‍ തുടങ്ങിയത് ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, അസഹ്യമാവുകയും വ്രണങ്ങളായി മാറുകയും ചെയ്‌തപ്പോഴാണ്‌ അയാള്‍ ഡോക്‌ടറെ കാണാന്‍ തീരുമാനിച്ചത്  നഗരത്തിലെ 'വലിയ' ആശുപത്രിയിലെ 'പ്രശസ്‌തനായ' ചര്‍മരോഗ വിദഗ്ദനെ തന്നെ സമീപിക്കാമെന്ന് വെച്ചു.. ആശുപത്രിയിലെ തിരക്ക്  കണ്ടപ്പോള്‍ നഗരത്തിലെ എല്ലാവരും രോഗികളായോ എന്ന് തോന്നി.. ഏറെ നേരം ക്യ്യൂവില്‍ നിന്ന ശേഷമാണ്‌ ടോക്കണ്‍ കിട്ടിയത്.. പരിശോധനമുറിയുടെ മുന്നിലെ കാത്തിരിപ്പിന്റെ സമയം നീളുന്തോറും ചൊറിച്ചിലും വേദനയും അസഹനീയമാം വിധം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.. ഇവിടെ വെച്ച് ചൊറിയുന്നതും മാന്തുന്നതും  ആളുകള്‍ക്ക് അലോസരമുണ്ടാക്കുമെന്നതിനാല്‍ കടിച്ചുപിടിച്ച് സഹിച്ചു..  മറ്റു പലര്‍ക്കും സമാനമായ രോഗമുണ്ടെന്ന് കൂടിനില്‍ക്കുന്നവരുടെ സംസാരത്തില്‍ നിന്ന് വ്യക്തമായി..   ശുഭ്രവസ്‌ത്രമണിഞ്ഞ നഴ്‌സ് ഇടക്ക് വാതില്‍ തുറന്ന് നമ്പര്‍ വിളിക്കുന്നുണ്ട്..

 "ഇരുപത്തിമൂന്ന്.. ഇരുപത്തിനാല്..."
കയ്യിലുള്ള ടോക്കണ്‍ വെറുതെ നോക്കി.. 'മുപ്പത്തിയെട്ട്..'  ഇനിയും പതിനാലെണ്ണം കഴിയണം .. അയാള്‍ ദീര്‍ഘനിശ്വാസം വിട്ടു..!
 
"പേടിക്കാനൊന്നുമില്ല, ഈ ടെസ്റ്റുകളൊന്ന് ചെയ്ത് നോക്കാം "
ദേഹം പരിശോധിച്ച ശേഷം കുറിമാനം തന്നുകൊണ്ട് ഡോക്‌ടര്‍ പറഞ്ഞു.. 

ടെസ്റ്റുകളുടെ റിസല്‍റ്റ് കിട്ടിയപ്പോഴേക്കും പിന്നേയും ഒരു മണീക്കൂറോളം വൈകി.. റിസല്‍ട് വാങ്ങി വീണ്ടും ഡോക്‌ടറെ കണ്ടു..

"ഇതൊരു തരം അണുബാധയാണ്, മഴക്കാലമല്ലേ.. വെള്ളത്തില്‍ നിന്നോ മറ്റോ ആയിരിക്കും .. ഈ മരുന്ന് ഒരാഴ്‌ച കഴിച്ചാല്‍ മതി,   ഇത് ദേഹത്ത് പുരട്ടുകയും ചെയ്യുക.."
ഡോക്‌ടര്‍ നല്‍കിയ കുറിപ്പുമായി ആശുപത്രിയില്‍ തന്നെയുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് നടന്നു.. ഇവിടെനിന്ന് തന്നെ വാങ്ങാം,  പുറത്തുള്ള മറ്റു കടകളില്‍ നിന്ന് ഈ മരുന്ന് കിട്ടിയെന്നു വരില്ല.. മുന്‍ അനുഭവം അങ്ങിനെയാണ്..  മരുന്ന് വാങ്ങിയ ശേഷം പുറത്തേക്കിറങ്ങി.. എല്ലാം കൂടി രൂപ ആയിരത്തിനു മുകളിലായി.. നിസ്സാരമായൊരു ചൊറിച്ചിലിനുള്ള ചികിത്സ..! എന്നാലും സാരമില്ല  ഇതോട് കൂടി മാറിക്കിട്ടിയാല്‍ മതിയായിരുന്നു..!


പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.. മഴയനുഭവങ്ങള്‍ ഓരുപാടുണ്ടെങ്കിലും നഗര മധ്യത്തിലൂടെ മഴയത്തുള്ള നടത്തം ഒരു ദുരനുഭവം തന്നെ.. റോഡിലേയും കടത്തിണ്ണകളിലേയും മാലിന്യങ്ങളും അവശിഷ്ടങ്ങളും ഒഴുകി ഓടകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.. ഓടകള്‍ ഒഴുകുന്നത് പുഴയിലേക്കും  .. വേഗം ഒരു ഓട്ടോ പിടിച്ച് നഗരപ്രാന്തത്തിലൂടെ 'ഒഴുകുന്ന' അത്രയൊന്നും വലുതല്ലാത്ത 'പുഴ'ക്ക് കുറുകെയുള്ള പാലത്തിനപ്പുറം ചെന്നിറങ്ങി.. പുഴയോരത്തു കൂടെയുള്ള ചെമ്മണ്‍ പാതയിലൂടെ വീട്ടിലേക്ക് നടന്നു..

പുഴയിലെ വെള്ളം അസാധാരണമാം വിധം  കറുത്തിരുണ്ടിരിക്കുന്നു.. കുട്ടിക്കാലം മുതലേ  മുങ്ങിക്കുളിക്കുകയും നീന്തിത്തുടിക്കുകയും ചെയ്യുന്ന പുഴ.. ഏറെ നേരം വെള്ളത്തില്‍ ഊളിയിട്ട് നീന്താം .. തൊട്ടു കളിക്കാം, കരയിലുള്ള മരത്തില്‍ കയറി ഉയരത്തില്‍ നിന്ന് പുഴയിലേക്ക് ചാടാം, ജലപ്പരപ്പില്‍ അനങ്ങാതെ വെയില്‍ കൊണ്ട് കിടക്കാം .. എത്ര നേരം വേണമെങ്കിലും വെള്ളത്തില്‍ കിടക്കാം ജലദോഷം പിടിക്കുമെന്ന് മുതിര്‍ന്നവര്‍ പറയുമെങ്കിലും ഒന്നുമുണ്ടാവാറില്ല.. ഇന്നും ഒരു നേരമെങ്കിലും പുഴയിലൊന്ന് നീന്തിക്കുളിക്കണം .. അത് വല്ലാത്ത അനുഭൂതിയും ഉന്‍മേഷദായകവുമാണ്..
അന്നൊക്കെ എന്തൊരു തെളിഞ്ഞ വെള്ളമായിരുന്നു.. അടിത്തട്ടു വരെ വ്യക്തമായി കാണാവുന്ന സ്ഫടികസമാനമായ ജലം .. !  നഗരത്തിലും സമീപങ്ങളിലും കെട്ടിടങ്ങളും വീടുകളും പെരുകുകയും ജനസാന്ദ്രമാവുകയും ചെയ്‌തതോടെ മാലിന്യങ്ങളും അവശിഷ്ടങ്ങളും മനുഷ്യവിസര്‍ജ്യങ്ങളും നിര്‍ബാധം പുഴയിലേക്ക് പ്രവഹിച്ചു.. തന്റേതടക്കമുള്ള വീടുകളുടെ സെപ്റ്റിക് ടാങ്കും വേസ്റ്റ് ബിന്നും പുഴയാണ്.. ഏതെങ്കിലും വീടുകളില്‍ വല്ല കല്യാണമോ പാര്‍ടിയോ ഉണ്ടായാല്‍ പറയുകയും വേണ്ട..!

 
വീട്ടില്‍ ചെന്ന പാടെ ഷര്‍ടഴിച്ചു ,  'ഹവൂ.. എന്തൊരു ചൊറിച്ചില്‍ ..!'
ഒന്നു മുങ്ങിക്കുളിച്ചാല്‍ ആശ്വാസമാകുമെന്ന വിചാരത്തോടെ തോര്‍ത്തെടുത്ത്  പുഴക്കടവില്‍ ചെന്നു, വെള്ളത്തിലല്ല മറ്റെന്തിലോ ഇറങ്ങിയ പോലെയാണ്‌ അനുഭവപ്പെട്ടത്.. .. രൂക്ഷമായ ദുര്‍ഗന്ധം മൂക്കില്‍ തുളച്ചുകയറി.. പുഴ ഒഴുകാതെ നിശ്ചലമായി കിടക്കുകയാണെന്നു തോന്നും ..!  മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരിക്കുന്നു.. ചുവന്ന നിറത്തില്‍ എന്തോ കണ്ട് തോണ്ടി നോക്കിയപ്പോള്‍ രക്തം കട്ട പിടിച്ച പഞ്ഞിക്കെട്ടുകള്‍ ..! അളിഞ്ഞ മാംസക്കഷ്‌ണങ്ങള്‍ പോലെ.., പ്ലാസ്‌റ്റിക് കവറുകള്‍ ,  ഒഴിഞ്ഞ മദ്യക്കുപ്പികള്‍ , മരുന്നു ബോട്ടിലുകള്‍ തുടങ്ങി മാലിന്യങ്ങള്‍ അടിഞ്ഞു കുന്നുകൂടിക്കിടക്കുന്നു..!  പെട്ടെന്നാണ്‌ കാലില്‍ എന്തോ തുളച്ചു കയറിയത് , വേഗം കരക്കു കയറി,  ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു സിറിഞ്ച്..! ഊരി വലിച്ചെറിഞ്ഞ് വീട്ടിലേക്കോടുമ്പോള്‍ പുഴയില്‍ നിന്ന് വീശിയ ദുര്‍ഗന്ധം വമിക്കുന്ന കാറ്റ് വ്രണങ്ങളില്‍ സൂചിമുനകള്‍ പോലെ കുത്തിക്കീറി.. ! വീട്ടുപടിക്കലെത്തിയപ്പോഴേക്കും
അയാള്‍ ബോധരഹിതനായി താഴെ വീണു..!!

39 comments:

  1. തിരൂര്‍ പൊന്നാനി പുഴ മലിനീകരണത്തിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കും മറ്റും ..!

    ReplyDelete
  2. കാലിക പ്രാധാന്യമുള്ള പോസ്റ്റ്‌ . എന്താ ഇതിനൊരു പരിഹാരം ..?

    ReplyDelete
  3. ആദ്യം കഥ വായിച്ചു തുടങ്ങിയപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ ഇല്ല എന്ന വാര്‍ത്തയായിരുന്നു മനസ്സിലേക്ക് ഓടി വന്നത്. പിന്നീട് ക്രമേണ വായനയില്‍ നിന്നും മറ്റു പലതിലേക്കും കൂടെ ചിന്തിപ്പിക്കുന്നുണ്ട് ഈ കഥയെന്ന് തോന്നി. കഥയെന്ന രീതിയില്‍ കാണുന്നില്ല. മറിച്ച് ഇന്ന് നമ്മെ ഏറെ കടന്നാക്രമിക്കുന്ന ചില സത്യങ്ങളിലേക്കുള്ള ഒരു നോട്ടമായി കാണട്ടെ. എഴുത്ത് ഒരു കഥയെന്ന രീതിയിലേക്ക് കൂടുതല്‍ ക്രാഫ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു എന്ന അഭിപ്രായമുണ്ട്. പക്ഷെ, പറഞ്ഞ കാര്യങ്ങള്‍ എല്ലാം വ്യക്തമാണെന്നതിനാല്‍ തന്നെ പോസ്റ്റ് എന്ന നിലയില്‍ ഇതിനോട് അനുഭാവം പ്രകടിപ്പിക്കുന്നു. ഒപ്പം ഒടുവില്‍ സൂചിപ്പിച്ച പൊന്നാനി പുഴ മലിനീകരണത്തിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട്, അത്തരത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ സമരം ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടി സഹയാത്രികനോടൊപ്പം ഞാനും...

    ReplyDelete
    Replies
    1. Manoraj,

      അഭിപ്രായത്തിനും പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചതിനും നിസ്സീമമായ നന്ദിയുണ്ട്..
      നി പുഴ മലിനീകരണത്തിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട്, അത്തരത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ സമരം ചെയ്യുന്ന എല്ലാവരോടുമുള്ള ഐക്യദാര്‍ഢ്യത്തിന്‌ പ്രത്യേകൈച്ചും ..

      Delete
  4. നാം നമ്മുടെ തന്നെ പരിസരങ്ങളെ മലീമസമാക്കുന്നു. കോഴിക്കച്ചവടക്കാരും ഇറചിക്കച്ചവടക്കാരും ആശുപത്രിക്കാരും തങ്ങളുടെ മാലിന്യങ്ങള്‍ തട്ടാന്‍ തിരഞ്ഞെടുക്കുക പെരുവഴികളെയും ജലാശയങ്ങളെയുമാണ്. അപ്പോഴത്തെ പ്രശ്നം അങ്ങ് പരിഹരിക്കുക എന്നല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ബയോ ഗ്യാസ്‌ പദ്ധതിയോ മലിനസംസ്കരണ യൂണിറ്റോ ഇവര്‍ക്കൊക്കെ തന്നെ തുടങ്ങാവുന്നത്തെയുള്ളൂ. പകരം അവനവന്‍റെ തന്നെ ആരോഗ്യത്തിനു ഭീഷണിയായ വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. പരിസ്ഥിതിയെക്കുരിച്ചോര്‍ത്ത നല്ല പോസ്റ്റ്‌.

    ReplyDelete
    Replies
    1. നമ്മള്‍ പുറന്തള്ളുന്ന വേസ്റ്റ് മറ്റുള്ളവന്റെ തലയിലിടുന്നു..!
      അഭിപ്രായമറിയിച്ചതിന്‌ വളരെ നന്ദിയുണ്ട്..

      Delete
  5. രൂക്ഷമായ ദുര്‍ഗന്ധം മൂക്കില്‍ തുളച്ചുകയറി.. പുഴ ഒഴുകാതെ നിശ്ചലമായി കിടക്കുകയാണെന്നു തോന്നും ..! മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരിക്കുന്നു.. ചുവന്ന നിറത്തില്‍ എന്തോ കണ്ട് തോണ്ടി നോക്കിയപ്പോള്‍ രക്തം കട്ട പിടിച്ച പഞ്ഞിക്കെട്ടുകള്‍ ..! അളിഞ്ഞ മാംസക്കഷ്‌ണങ്ങള്‍ പോലെ.., പ്ലാസ്‌റ്റിക് കവറുകള്‍ , ഒഴിഞ്ഞ മദ്യക്കുപ്പികള്‍ , മരുന്നു ബോട്ടിലുകള്‍ തുടങ്ങി മാലിന്യങ്ങള്‍ അടിഞ്ഞു കുന്നുകൂടിക്കിടക്കുന്നു..! പെട്ടെന്നാണ്‌ കാലില്‍ എന്തോ തുളച്ചു കയറിയത് , വേഗം കരക്കു കയറി, ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു സിറിഞ്ച്..! ഊരി വലിച്ചെറിഞ്ഞ് വീട്ടിലേക്കോടുമ്പോള്‍ പുഴയില്‍ നിന്ന് വീശിയ ദുര്‍ഗന്ധം വമിക്കുന്ന കാറ്റ് വ്രണങ്ങളില്‍ സൂചിമുനകള്‍ പോലെ കുത്തിക്കീറി.. ! വീട്ടുപടിക്കലെത്തിയപ്പോഴേക്കും അയാള്‍ ബോധരഹിതനായി താഴെ വീണു..!!

    എന്ത് ? എങ്ങനെ ? എന്തുകൊണ്ട് ? എന്നൊക്കെ മുകളിലെ കമന്റിലൂടെ പറഞ്ഞിരിക്കുന്നു. മറ്റൊന്നുമില്ല. നല്ല എഴുത്ത്,സത്യം.! ആശംസകൾ.

    ReplyDelete
  6. അറിഞ്ഞും അറിയാതെയും നമ്മള്‍ തന്നെ നമ്മുടെ പരിസരം മലിനപ്പെടുത്തുന്നു. വായനയിലൂടെ കണ്ടറിഞ്ഞ ദുര്‍ഗന്ധവും അഴുക്കും മനസ്സില്‍ മായാതെ....നമ്മുടെ ചുറ്റിലേക്കും തിരിഞ്ഞു നോക്കുമ്പോള്‍ കണ്ണ് പൊത്തിയാലും ഒരടിപോലും നീങ്ങാനാകാത്ത അവസ്ഥ.

    ReplyDelete
  7. ഞാനുമൊരു തിരൂര്‍ക്കാരനാണ്.
    തിരൂരിലെയും പൊന്നാനിയിലെയും ഹോടലുകളും വീടുകളും പുറത്തേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ നമ്മുടെ പ്രകൃതിയെ എത്രത്തോളം മലിനമാക്കുന്നു എന്ന് കണ്ടു തന്നെ അറിയണം.
    ചില സംഘടനകള്‍ ഇതിനെതിരെ ഇപ്പൊ സമരം ചെയ്യുന്നുണ്ട് . നാമവര്‍ക്ക് പിന്തുണ നല്‍കുകയെങ്കിലും ചെയ്യാം.
    കാലിക പ്രസക്തമായ പോസ്റ്റ്‌

    ReplyDelete
  8. പുഴയെ കൊന്നുതിന്നുന്ന മനുഷ്യര്‍.

    ReplyDelete
  9. എല്ലാവരും (തികച്ചും നൂറു ശതമാനവും) തിരിഞ്ഞു സ്വന്തത്തിലേക്ക് നോക്കുക, ഉത്തരവാദികളെ കാണാന്‍ കഴിയും; പ്രശ്നം പരിഹരിക്കാനും.

    ReplyDelete
  10. എഴുത്ത് നന്നായി .. ഇതിപ്പോള്‍ പരിഹാരം
    ഇല്ലാത്ത പ്രശ്നം ആയി മാറുകയാണോ?

    ReplyDelete
  11. പ്രാധാന്യമർഹിക്കുന്ന പോസ്റ്റ്. നഗരത്തിന്റെ ചില ആളൊഴിഞ്ഞ മൂലകളിലെ കുളങ്ങളിൾ വെള്ളത്തിനു നില്ക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്‌ ഇപ്പോൾ. അത്രയും അധികം മാലിന്യങ്ങൾ ആണതിൽ.. :(

    ReplyDelete
  12. പുഴയെല്ലാം പുഴു പോലെ ആക്കി പഴകലം പോലെയാക്കി പഴി പറഞ്ഞു പണമുണ്ടാക്കുന്നു
    നല്ല പോസ്റ്റ്‌

    ReplyDelete
  13. സത്യമാണ്... മലയാളിയുടെ ശുചിത്വം സ്വന്തം മതില്‍ക്കെട്ടിനകത്ത് മാത്രം.

    ReplyDelete
  14. നല്ല പോസ്റ്റ്. കാലികം. അഭിനന്ദനങ്ങള്‍

    ReplyDelete
  15. ചില അമർഷങ്ങൾ ഇങ്ങനെ പ്രകടിപ്പിക്കുവാനേ ആകൂ...

    എല്ലാറ്റിനും പരിഹാരം നാം ഓരോരുത്തരും അനീതിക്കെതിരെ പൊരുതുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങുക,

    ReplyDelete
  16. വിഷയം അവതരിപ്പിക്കാന്‍ എളുപ്പമാണ് എന്നാല്‍ പരിഹാരമാണ് നമ്മള്‍ നിര്‍ദ്ദേശിക്കേണ്ടത് ...ഏതായാലും ഇത് വായിച്ചെങ്കിലും അവരവര്‍ വീടുകളില്‍ നിന്ന്‍ തുടങ്ങട്ടെ...തിരയുടെ ആശംസകള്‍

    ReplyDelete
  17. കാലികപ്രാധാന്യമുള്ള വിഷയം.. ഇതേ അവസ്ഥയാണ് കോഴിക്കോട് കല്ലായിപ്പുഴയുടേയും. ആ പോലത്തിലൂടെ കടന്നുപോവുമ്പോള്‍ കാണാം. കാണുമ്പോള്‍ത്തന്നെ ചൊറിച്ചില്‍ വരും. വായു ശ്വസിച്ചാല്‍ ഓക്കാനവും. പാലത്തിനടുത്തെത്തുമ്പോള്‍ മൂക്കുപൊത്തിപ്പിടിക്കുകയാണ് പതിവ്.

    പിന്നെ ഒരു വിയോജനക്കുറിപ്പ്.
    കഥയായാണ് എഴുതാന്‍ ശ്രമിച്ചതെങ്കില്‍ പൂര്‍ണ്ണമായി വിജയിച്ചെന്ന് തോന്നിയില്ല. കഥയുടെതായ ഒരു രൂപ ഭംഗിയും ആസ്വാദനസുഖവുമുണ്ടായില്ല. എന്റെ കാര്യമാണ് കേട്ടോ. ചിലപ്പോള്‍ എന്റെ മാത്രം കുഴപ്പമായിരിക്കാം. തുടക്കം നന്നായെങ്കിലും അവസാനിപ്പിക്കുമ്പോഴേക്കും കഥയെന്ന സ്വഭാവം വിട്ട് വിവരണത്തിലേക്ക് മാത്രമായി ശ്രദ്ധയെന്ന് തോന്നുന്നു. ഏതായാലും വിഷയപ്രാധാന്യത്തിന് അഭിനന്ദനങ്ങള്‍.. അടുത്ത കഥയില്‍ കൂടുതല്‍ ശില്പഭംഗിയും, ശൈലീരസവും പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ശ്രീജിത്ത്
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നിറഞ്ഞ നന്ദിയുണ്ട്..!
      കുറവുകള്‍ ചൂണ്ടിക്കാണിച്ചത് വളരെ പ്രയോജനകരമാണ്.. ഇത്തരം കമന്റുകളാണ്‌ തെറ്റുകള്‍ തിരുത്താനും എഴുത്തിന്‌ പ്രചോദനവും ..!

      Delete
  18. കഥയെന്ന ലേബലിനേക്കാള്‍ ,സമകാലീനമായൊരു കാര്യം സംഭവഭഹുലമായി അവതരിപ്പിച്ചു എന്ന് പറയുന്നതാവും ഉചിതമെന്നു തോന്നുന്നു..!സംഗതി എന്തായാലും..ഒടുവില്‍ ആ ദുര്‍ഗന്ധം വായനക്കാരനിലേക്കും പകരുന്നപോലെ..!
    എഴുത്ത് നന്നായി.
    ആശംസകള്‍നേരുന്നു...പുലരി

    ReplyDelete
  19. ഇതൊരു കഥയെക്കാള്‍ യാഥാതഥമായൊരു റിപ്പോര്‍ട്ടായി വായിക്കാനാണ് എനിക്കിഷ്ടം.
    ആ അര്‍ത്ഥത്തില്‍ മികച്ചതായി 'ഇനിയും പുഴയൊഴുകാതെ..'

    ReplyDelete
    Replies
    1. എന്റെ കൊച്ചുബ്ലോഗ് സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും
      നിസ്സീമമായ നന്ദിയുണ്ട്..
      താങ്കളുടേ പ്രോത്സാഹനവും പ്രചോദനവും വിലമതിക്കാനാവാത്തതാണ്..

      Delete
  20. നമ്മുടെ പുഴകളെ, പാടങ്ങളെ ഒക്കെ രക്ഷിയ്ക്കാന്‍ ആര്‍ക്കെങ്കിലും ആവുമോ? എനിക്ക്‌ സംശയം. മണ്ണ്‍ പൊന്നാണെന്നത്‌ ഒരു പഴയ സങ്കല്‍പമായിരുന്നു. ഇപ്പോള്‍ മണ്ണ്‍ ശരിക്കും പൊന്നാണ്‌. തികച്ചും വിപരീത അര്‍ത്ഥത്തിലാണെന്ന് മാത്രം. പേരെന്ത്‌ വിളിച്ചാലും എഴുത്ത്‌ നന്നായി

    ReplyDelete
  21. Vishnu
    Manoraj
    Arif Zain
    മണ്ടൂസന്‍
    പട്ടേപ്പാടം റാംജി
    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    ajith
    Vp Ahmed
    ente lokam
    Jefu Jailaf
    ജീ . ആര്‍ . കവിയൂര്‍
    MINI.M.B2
    എം.അഷ്റഫ്.
    yousufpa
    തിര
    ശ്രീജിത്ത് മൂത്തേടത്ത്
    പ്രഭന്‍ ക്യഷ്ണന്‍
    സുസ്മേഷ് ചന്ത്രോത്ത്
    Vinodkumar Thallasseri

    വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത സഹയാത്രികര്‍ക്ക് അകം നിറയെ കൃതജ്ഞത അടയാളപ്പെടുത്തുന്നു..

    ReplyDelete
  22. പുഴ അഴുക്കക്കണം എന്നു ആഗ്രഹിക്കുന്നവര്‍ ആരും ഇല്ല.
    പുഴ പക്ഷേ അഴുക്കായിത്തുടരുന്നുമുണ്ട്. എന്ത് വിരോധാഭാസം.

    ആശുപത്രിയിലെ ജനബാഹുല്യം-തിരക്ക് എന്നായിരുന്നെങ്കില്‍ എഴുത്തിന്റെ തുടര്‍ച്ചയില്‍ ചേര്‍ന്നു നില്‍ക്കുമായിരുന്നു എന്നു തോന്നി.

    ReplyDelete
    Replies
    1. നിര്‍ദേശത്തിന്‌ വളരെ നന്ദി..
      തിരുത്തിയിട്ടുണ്ട്..

      Delete
  23. കാലിക പ്രസക്തമായ ഒരു പ്രതികരണമായി ഈ കുറിപ്പിനെ ഞാന്‍ കണക്കാക്കുന്നു!

    ReplyDelete
  24. തിരൂരിലും പരിസരങ്ങളിലും താമസിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്.. വ്യക്തി- പരിസര ശുചിത്വം വിശ്വാസത്തിന്റെ സുപ്രധാന ഭാഗമാണെന്ന് പഠിപ്പിച്ച മതമാണ്‌ ഇസ്ലാം .. ജലാശയങ്ങളിലും വൃക്ഷത്തണലുകളിലും മറ്റും മലമൂത്രവിസര്‍ജനം പാടില്ലെന്നാണ്‌ പ്രവാചക വചനം .. പൊതുസ്ഥലങ്ങളില്‍ നിന്നും വഴികളില്‍ നിന്നും മാലിന്യങ്ങളും ഉപദ്രവകരമായ വസ്തുക്കളും നീക്കം ചെയ്യുന്നതുമെല്ലാം പുണ്യകരമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു..
    ഇതൊന്നുമറിയാത്തവര്‍ മുസ്ലിംകളുടെ കൂട്ടത്തിലുണ്ടാവുമെന്നു തോന്നാന്‍ ന്യായമില്ല..!

    ReplyDelete
  25. കഥയെന്നതിലുപരി കാലികമായ ഒരു കുറിപ്പ് എന്ന് പറയാം..
    എന്തായാലും നമ്മള്‍ തന്നെ മാറണം..

    ReplyDelete
  26. Fousia R
    subanvengara
    വിളക്കുമാടം
    khaadu..

    വന്നതിനും അഭിപ്രായം പറഞ്ഞതിനും നിറഞ്ഞ നന്ദിയുണ്ട്..

    ReplyDelete
  27. ഒരു ദുരന്ത തീരത്താണ് നാം നില്‍ക്കുന്നത്.
    അത് നന്നായി അനുഭവിപ്പിക്കും വിധം എഴുതി

    ReplyDelete
  28. നമ്മള്‍ തന്നെ നമ്മുടെ പരിസരം മലിനപ്പെടുത്തുന്നു...!
    കാലികപ്രസക്തമായ പോസ്റ്റ്‌ ...!

    ReplyDelete
  29. പുഴയും അരുവികളും ,കുളങ്ങളുമൊക്കെ ഓര്‍മ്മകളാവുന്ന കാലം അധിവിധൂരമല്ല !! നല്ല കാമ്പുള്ള ഒരു കുറിപ്പായി ഇതിനെക്കാണുന്നു...

    ReplyDelete
  30. കാലിക പ്രാധാന്യമുള്ള പോസ്റ്റ്‌..

    പരിസര ശുചീകരണത്തില്‍, പരിസ്തിതി സംരക്ഷിക്കുന്നതില്‍ ഇനിയും അലംഭാവം കാട്ടിയാല്‍ വരും തലമുറയ്ക്ക് നമ്മുടെ നാടിനെ പറ്റി മധുര സ്വപ്‌നങ്ങള്‍ ഒന്നും കാണാന്‍ ഉണ്ടാവില്ല..

    ReplyDelete
  31. Salam
    kochumol(കുങ്കുമം)
    ഫൈസല്‍ ബാബു
    Villagemaan/വില്ലേജ്മാന്‍4
    സിയാഫ് അബ്ദുള്‍ഖാദര്‍

    വന്നതിനും അഭിപ്രായം പറഞ്ഞതിനും നിറഞ്ഞ നന്ദിയുണ്ട്..

    ReplyDelete
  32. മജീദ് ഭായ്, കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു,,

    മലിനീകരണം നാം നേരിടുന്ന വലിയ വിപത്തുകളിലൊന്ന്, അതിൽ പ്രധാനം ജല മലിനീകരണം. നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ജല സോത്രസ്സുകളിലും, ഗ്രാമങ്ങളിലും മറ്റും കാണുന്ന പുഴകളിലും തോടുകളിലും കുളങ്ങളിലും വരെ ഇത്തരത്തിലുള്ള മലിനീകരണം കാണപ്പെടുന്നു. പരിസര വാസികൾ സദാ ജാഗ രൂകരായി ഇതിനെതിരെ പ്രതിരോധിച്ചെങ്കിൽ മാത്രമേ തങ്ങളുടെ ഏരിയയിലെ മലിനീകരണം നിയന്ത്രണത്തിലാക്കാൻ കഴിയൂ...

    നഗരവത്ക്കരണത്തോടെ മലിനീകരണത്തിന്റെ തോതും വർദ്ധിച്ചു... മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ തർക്ക ഭൂമികളായി മാറി. നല്ല ഒരു ഓർമ്മപ്പെടുത്തലായി ഇക്കഥ, അതിലുപരി ആ നായകന്റെ കാലിൽ തറച്ച സൂചി എന്റെ കാലിലാണെന്ന് ഒരു തോന്നൽ കാരണം ഞാനും സ്ഥിരമായി പുഴയിൽ നിന്നും കുളിക്കുന്ന ഒരാളായിരുന്നു.. ആശംസകൾ

    ReplyDelete
  33. താങ്കളുടെ ബ്ലോഗ് ലോഡ് ആയി വരുന്നതിന് ധാരാളം സമയമെടുക്കുന്നു, സാങ്കേതിക വശങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമല്ലോ

    ReplyDelete