23 June 2012

ഇനിയും പുഴയൊഴുകാതെ..

39



ദേഹത്ത് അവിടെയുമിവിടെയും ചൊറിച്ചില്‍ തുടങ്ങിയത് ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, അസഹ്യമാവുകയും വ്രണങ്ങളായി മാറുകയും ചെയ്‌തപ്പോഴാണ്‌ അയാള്‍ ഡോക്‌ടറെ കാണാന്‍ തീരുമാനിച്ചത്  നഗരത്തിലെ 'വലിയ' ആശുപത്രിയിലെ 'പ്രശസ്‌തനായ' ചര്‍മരോഗ വിദഗ്ദനെ തന്നെ സമീപിക്കാമെന്ന് വെച്ചു.. ആശുപത്രിയിലെ തിരക്ക്  കണ്ടപ്പോള്‍ നഗരത്തിലെ എല്ലാവരും രോഗികളായോ എന്ന് തോന്നി.. ഏറെ നേരം ക്യ്യൂവില്‍ നിന്ന ശേഷമാണ്‌ ടോക്കണ്‍ കിട്ടിയത്.. പരിശോധനമുറിയുടെ മുന്നിലെ കാത്തിരിപ്പിന്റെ സമയം നീളുന്തോറും ചൊറിച്ചിലും വേദനയും അസഹനീയമാം വിധം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.. ഇവിടെ വെച്ച് ചൊറിയുന്നതും മാന്തുന്നതും  ആളുകള്‍ക്ക് അലോസരമുണ്ടാക്കുമെന്നതിനാല്‍ കടിച്ചുപിടിച്ച് സഹിച്ചു..  മറ്റു പലര്‍ക്കും സമാനമായ രോഗമുണ്ടെന്ന് കൂടിനില്‍ക്കുന്നവരുടെ സംസാരത്തില്‍ നിന്ന് വ്യക്തമായി..   ശുഭ്രവസ്‌ത്രമണിഞ്ഞ നഴ്‌സ് ഇടക്ക് വാതില്‍ തുറന്ന് നമ്പര്‍ വിളിക്കുന്നുണ്ട്..

 "ഇരുപത്തിമൂന്ന്.. ഇരുപത്തിനാല്..."
കയ്യിലുള്ള ടോക്കണ്‍ വെറുതെ നോക്കി.. 'മുപ്പത്തിയെട്ട്..'  ഇനിയും പതിനാലെണ്ണം കഴിയണം .. അയാള്‍ ദീര്‍ഘനിശ്വാസം വിട്ടു..!
 
"പേടിക്കാനൊന്നുമില്ല, ഈ ടെസ്റ്റുകളൊന്ന് ചെയ്ത് നോക്കാം "
ദേഹം പരിശോധിച്ച ശേഷം കുറിമാനം തന്നുകൊണ്ട് ഡോക്‌ടര്‍ പറഞ്ഞു.. 

ടെസ്റ്റുകളുടെ റിസല്‍റ്റ് കിട്ടിയപ്പോഴേക്കും പിന്നേയും ഒരു മണീക്കൂറോളം വൈകി.. റിസല്‍ട് വാങ്ങി വീണ്ടും ഡോക്‌ടറെ കണ്ടു..

"ഇതൊരു തരം അണുബാധയാണ്, മഴക്കാലമല്ലേ.. വെള്ളത്തില്‍ നിന്നോ മറ്റോ ആയിരിക്കും .. ഈ മരുന്ന് ഒരാഴ്‌ച കഴിച്ചാല്‍ മതി,   ഇത് ദേഹത്ത് പുരട്ടുകയും ചെയ്യുക.."
ഡോക്‌ടര്‍ നല്‍കിയ കുറിപ്പുമായി ആശുപത്രിയില്‍ തന്നെയുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് നടന്നു.. ഇവിടെനിന്ന് തന്നെ വാങ്ങാം,  പുറത്തുള്ള മറ്റു കടകളില്‍ നിന്ന് ഈ മരുന്ന് കിട്ടിയെന്നു വരില്ല.. മുന്‍ അനുഭവം അങ്ങിനെയാണ്..  മരുന്ന് വാങ്ങിയ ശേഷം പുറത്തേക്കിറങ്ങി.. എല്ലാം കൂടി രൂപ ആയിരത്തിനു മുകളിലായി.. നിസ്സാരമായൊരു ചൊറിച്ചിലിനുള്ള ചികിത്സ..! എന്നാലും സാരമില്ല  ഇതോട് കൂടി മാറിക്കിട്ടിയാല്‍ മതിയായിരുന്നു..!


പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.. മഴയനുഭവങ്ങള്‍ ഓരുപാടുണ്ടെങ്കിലും നഗര മധ്യത്തിലൂടെ മഴയത്തുള്ള നടത്തം ഒരു ദുരനുഭവം തന്നെ.. റോഡിലേയും കടത്തിണ്ണകളിലേയും മാലിന്യങ്ങളും അവശിഷ്ടങ്ങളും ഒഴുകി ഓടകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.. ഓടകള്‍ ഒഴുകുന്നത് പുഴയിലേക്കും  .. വേഗം ഒരു ഓട്ടോ പിടിച്ച് നഗരപ്രാന്തത്തിലൂടെ 'ഒഴുകുന്ന' അത്രയൊന്നും വലുതല്ലാത്ത 'പുഴ'ക്ക് കുറുകെയുള്ള പാലത്തിനപ്പുറം ചെന്നിറങ്ങി.. പുഴയോരത്തു കൂടെയുള്ള ചെമ്മണ്‍ പാതയിലൂടെ വീട്ടിലേക്ക് നടന്നു..

പുഴയിലെ വെള്ളം അസാധാരണമാം വിധം  കറുത്തിരുണ്ടിരിക്കുന്നു.. കുട്ടിക്കാലം മുതലേ  മുങ്ങിക്കുളിക്കുകയും നീന്തിത്തുടിക്കുകയും ചെയ്യുന്ന പുഴ.. ഏറെ നേരം വെള്ളത്തില്‍ ഊളിയിട്ട് നീന്താം .. തൊട്ടു കളിക്കാം, കരയിലുള്ള മരത്തില്‍ കയറി ഉയരത്തില്‍ നിന്ന് പുഴയിലേക്ക് ചാടാം, ജലപ്പരപ്പില്‍ അനങ്ങാതെ വെയില്‍ കൊണ്ട് കിടക്കാം .. എത്ര നേരം വേണമെങ്കിലും വെള്ളത്തില്‍ കിടക്കാം ജലദോഷം പിടിക്കുമെന്ന് മുതിര്‍ന്നവര്‍ പറയുമെങ്കിലും ഒന്നുമുണ്ടാവാറില്ല.. ഇന്നും ഒരു നേരമെങ്കിലും പുഴയിലൊന്ന് നീന്തിക്കുളിക്കണം .. അത് വല്ലാത്ത അനുഭൂതിയും ഉന്‍മേഷദായകവുമാണ്..
അന്നൊക്കെ എന്തൊരു തെളിഞ്ഞ വെള്ളമായിരുന്നു.. അടിത്തട്ടു വരെ വ്യക്തമായി കാണാവുന്ന സ്ഫടികസമാനമായ ജലം .. !  നഗരത്തിലും സമീപങ്ങളിലും കെട്ടിടങ്ങളും വീടുകളും പെരുകുകയും ജനസാന്ദ്രമാവുകയും ചെയ്‌തതോടെ മാലിന്യങ്ങളും അവശിഷ്ടങ്ങളും മനുഷ്യവിസര്‍ജ്യങ്ങളും നിര്‍ബാധം പുഴയിലേക്ക് പ്രവഹിച്ചു.. തന്റേതടക്കമുള്ള വീടുകളുടെ സെപ്റ്റിക് ടാങ്കും വേസ്റ്റ് ബിന്നും പുഴയാണ്.. ഏതെങ്കിലും വീടുകളില്‍ വല്ല കല്യാണമോ പാര്‍ടിയോ ഉണ്ടായാല്‍ പറയുകയും വേണ്ട..!

 
വീട്ടില്‍ ചെന്ന പാടെ ഷര്‍ടഴിച്ചു ,  'ഹവൂ.. എന്തൊരു ചൊറിച്ചില്‍ ..!'
ഒന്നു മുങ്ങിക്കുളിച്ചാല്‍ ആശ്വാസമാകുമെന്ന വിചാരത്തോടെ തോര്‍ത്തെടുത്ത്  പുഴക്കടവില്‍ ചെന്നു, വെള്ളത്തിലല്ല മറ്റെന്തിലോ ഇറങ്ങിയ പോലെയാണ്‌ അനുഭവപ്പെട്ടത്.. .. രൂക്ഷമായ ദുര്‍ഗന്ധം മൂക്കില്‍ തുളച്ചുകയറി.. പുഴ ഒഴുകാതെ നിശ്ചലമായി കിടക്കുകയാണെന്നു തോന്നും ..!  മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരിക്കുന്നു.. ചുവന്ന നിറത്തില്‍ എന്തോ കണ്ട് തോണ്ടി നോക്കിയപ്പോള്‍ രക്തം കട്ട പിടിച്ച പഞ്ഞിക്കെട്ടുകള്‍ ..! അളിഞ്ഞ മാംസക്കഷ്‌ണങ്ങള്‍ പോലെ.., പ്ലാസ്‌റ്റിക് കവറുകള്‍ ,  ഒഴിഞ്ഞ മദ്യക്കുപ്പികള്‍ , മരുന്നു ബോട്ടിലുകള്‍ തുടങ്ങി മാലിന്യങ്ങള്‍ അടിഞ്ഞു കുന്നുകൂടിക്കിടക്കുന്നു..!  പെട്ടെന്നാണ്‌ കാലില്‍ എന്തോ തുളച്ചു കയറിയത് , വേഗം കരക്കു കയറി,  ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു സിറിഞ്ച്..! ഊരി വലിച്ചെറിഞ്ഞ് വീട്ടിലേക്കോടുമ്പോള്‍ പുഴയില്‍ നിന്ന് വീശിയ ദുര്‍ഗന്ധം വമിക്കുന്ന കാറ്റ് വ്രണങ്ങളില്‍ സൂചിമുനകള്‍ പോലെ കുത്തിക്കീറി.. ! വീട്ടുപടിക്കലെത്തിയപ്പോഴേക്കും
അയാള്‍ ബോധരഹിതനായി താഴെ വീണു..!!