30 November 2011

24 November 2011

രോദനം

57



 
ബസ്സില്‍ കയറുമ്പോള്‍ 'വേഗം കേറ്.. വേഗം കേറ്..' എന്ന് പറഞ്ഞുകൊണ്ട് വാതിലില്‍ നിന്നിരുന്ന 'കിളി' ശരീരത്തിലെവിടെയൊക്കെയോ സ്പര്‍ശിച്ചു..!
കണ്ടക്ടർ വന്ന്  പൈസ വാങ്ങുമ്പോള്‍ 'സിടി യാണല്ലേ, മുന്നോട്ട് നില്‍ക്ക്' എന്ന് മുരണ്ട്, തള്ളിക്കൊണ്ട് അയാള്‍ ശരീരത്തിലുരസി നീങ്ങിയപ്പോള്‍ അസഹ്യമായ വിയര്‍പുനാറ്റം..!

ബാഗ് തോളില്‍ തൂക്കി, കമ്പിയില്‍ എത്തിവലിഞ്ഞ് തൂങ്ങി നില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവന്‍റെ വിരലുകള്‍ പിന്‍ഭാഗത്ത് താളം പിടിക്കുന്നത് അവളറിഞ്ഞെങ്കിലും മാറി നില്‍ക്കാന്‍ ബസില്‍ സൌകര്യമുണ്ടായിരുന്നില്ല..! 

സ്കൂളില്‍ ഇന്‍റര്‍വല്‍ സമയത്ത് പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ വെച്ച്, 'അടിപൊളിയാണല്ലോ' എന്ന്പറഞ്ഞ് സഹപാഠിയായ ഒരുത്തന്‍ വന്നു മേലില്‍ മുട്ടിയപ്പോള്‍ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ ചാരി..!
കമ്പ്യൂട്ടര്‍ പ്രാക്‌റ്റിക്കല്‍ ക്ലാസില്‍ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ 'എന്താ ശരിയാകുന്നില്ലേ..?' എന്ന് പറഞ്ഞ് ചാരെ വന്നുനിന്ന് മൌസ് പിടിച്ച് പരിശീലിപ്പിക്കവേ, അധ്യാപകന്‍റെ കൈ 'അവിടെയുമിവിടെയും' തലോടുന്നത് അരോചകമായെങ്കിലും അവള്‍ക്കൊന്നും പറയാനായില്ല..!

അയൽപക്കത്തെ ആൻറിയുടെ കോളേജിൽ പഠിക്കുന്ന മകൻ ഏട്ടനെ ചോദിച്ച് വന്നപ്പോൾ വല്ലാത്തൊരു നോട്ടത്തോടെ, മൂളിക്കൊണ്ട് മാറിൽ പിടിച്ചപ്പോൾ അവൾക്ക് നന്നായി വേദനിച്ചു..!
രാത്രി കിടന്നുറങ്ങുമ്പോൾ മേനിയിലെന്തോ ഇഴയുന്നതറിഞ്ഞ് ഞെട്ടിയുണർന്ന് നിലവിളിക്കാൻ വാ തുറന്നതും ബലിഷ്ടമായൊരു കൈ വായ പൊത്തിപ്പിടിക്കുകയും ഇരുട്ടിൽ മുഖം വ്യക്തമല്ലാത്തൊരാൾ എന്തോക്കെയോ ചെയ്തപ്പോൾ അവൾ കിടന്നു പിടഞ്ഞു.. നിശ്ശബ്ദമായി കരഞ്ഞു...!!

11 November 2011

ഗള്‍ഫ് സ്‌മരണകള്‍ - 7

17



നുജന്‍റെ വിസക്കാര്യവുമായി ബന്ധപ്പെട്ടാണ്` ബാവാക്കയെ കാണുന്നതും പരിചയപ്പെടുന്നതും.. വെളുത്തുമെലിഞ്ഞ ശരീരപ്രകൃതിയും മുക്കാല്‍ ഭാഗവും നരച്ച, വെട്ടിയൊതുക്കിയ താടിയും സദാ പുഞ്ചിരി തൂകുന്ന മുഖവും സംസാരവും, കാഴ്‌ചയില്‍ തന്നെ സാധുവും നിഷ്‌കളങ്കനും.. അന്‍പതിലധികം പ്രായമായ അദ്ദേഹം കാല്‍ നൂറ്റാണ്ടിനടുത്തായി ഗള്‍ഫിലെത്തിയിട്ട്.. അല്‍ ഐനില്‍ 'മസ്‌യദ്' റോഡിലുള്ള 'ശരികാതി'ലെ ഒരു കംബനിയിലാണ്` ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ പരിചയത്തിലുള്ള ഒരാള്‍ മുഖേനയാണ്` വിസ സംഘടിപ്പിക്കുന്നത്, ആ പരിചയം വളരുകയും ഇടക്കൊക്കെ അദ്ദേഹം റൂമില്‍ വരുകയും ഞങ്ങളുടെ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കു ചേരുകയും ചെയ്‌തു.


ബാവാക്കയുടെ മകന്‍ അല്‍ ഐനില്‍ തന്നെയുള്ള കൊ ഓപറേറ്റിവ് സൊസൈറ്റിയുടെ സൂപര്‍ മാര്‍ക്കറ്റിലാണ്' ജോലി ചെയ്യുന്നത്, അബുദാബി റോഡില്‍ കംപനി അക്കമഡേഷന്‍ റൂമിലാണ്` തമസം. ഒരു പ്രഭാതത്തില്‍ മകന്‍റെ മരണവാര്‍ത്തയറിഞ്ഞ് ബാവാക്കയോടൊപ്പം ഞങ്ങളും ഞെട്ടിത്തരിച്ചു..! താമസസ്ഥലത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ രാവിലെ കൂടെ താമസിക്കുന്നവര്‍ കാണ്ടെത്തുകയായിരുന്നു
എന്നറിഞ്ഞപ്പോള്‍ ഞെട്ടലിന്‌ ശക്തി കൂടി..! എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ ബാവാക്കയും ബന്ധുക്കളും ഞങ്ങളുമെല്ലാം പരക്കം പാഞ്ഞു..
മകന്‍റെ മരണം കൊലപാതകമായിരിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നും പാവം ആ പിതാവ് തറപ്പിച്ചു പറഞ്ഞു.. ഞങ്ങളും അങ്ങനെതന്നെ വിശ്വസിക്കുകയും ആത്മഹത്യയായിരിക്കരുതേയെന്ന് മനസാ പ്രര്‍ത്ഥിക്കുകയും ചെയ്തു.. കുടുംബപരമായോ മറ്റോ ഒരുതരത്തിലൂള്ള പ്രശ്നവുമില്ലെന്നും ഭാര്യവും കുഞ്ഞുമുള്ള മകന്‍ തലേന്നു വരെ നാട്ടിലേക്ക് വിളിക്കുകയും ഭാര്യയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഗദ്ഗദത്തോടെയും കണ്ഠമിടറിയുമാണ്` ബവാക്ക പറഞ്ഞിരുന്നത്..
ജോലിസ്ഥലത്ത് ഈജിപ്ഷ്യനായ സൂപര്‍വൈസറുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് മാനേജറോട് സംസാരിക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. അതിന്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ബാവാക്കയോടൊപ്പം ഞങ്ങളും ആത്മഗതം ചെയ്‌തു..! 
ജഢം പോസ്‌റ്റ്മോര്‍ട്ടത്തിനും മറ്റും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി, ബന്ധുക്കളും നാട്ടുകാരും പരിചക്കാരും മറ്റുമായി അനേകമാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു..! സ്വതവെ സാധു പ്രകൃതക്കാരനായ ബാവാക്കയെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറയുകയും മനസില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.. അദ്ദേഹം അസാമാന്യമായ ആത്മനിയന്ത്രണവും പക്വതയുമാണ്‌ പ്രകടിപ്പിച്ചിരുന്നത്.. എങ്കിലും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തതും തക്കര്‍ന്നു പോയതുമായൊരു ഹൃദയം ഞങ്ങള്‍ക്ക് വ്യക്തമായും കാണാമായിരുന്നു..!
കൂടെ താമസിച്ചിരുന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു, റൂമിലൊരാള്‍ അസ്വാഭാവികമായി മരനപ്പെട്ടാല്‍ മറ്റുള്ളവരെ പിടിക്കുക സാധാരണമാണ്..! എഴുതി വെച്ചിരുന്ന കുറിപ്പില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം മരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത് കൊണ്ട് പോലീസും അധികൃതരും മരണം ആത്മഹത്യയായി സ്ഥിരീകരിച്ചു.. ബാവാക്കയെപോലെ ഞങ്ങളും ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി..!
"എന്ത് പൊട്ടത്തരമാണ്` ചെയ്‌തത്..?!"
കൂടിയവരെല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു..
"എന്തിനാ ആ കുട്ടി ഇത് ചെയ്‌തതെന്ന" ബാവാക്കയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്‌ മറുപടിയോ അശ്വാസവചനമോ ഞങ്ങള്‍ക്കാര്‍ക്കും പറയാനായില്ല..!
 'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക' എന്നൊക്കെ  എല്ലാവരും പരസ്പരം പറഞ്ഞു, 
'ഇവിടുത്തെ ജീവിതവും മരണശേഷമുള്ളവും ജീവിതവും നഷ്ടപ്പെടുകയല്ലേ അത് നിമിത്തമുണ്ടാകുന്നത്..'? 'മനുഷ്യന്‍റെ ബലഹീനതയും അവിവേകവും..!!'  
മകന്‍റെ ഭാര്യാപിതാവിനെ ബാവാക്ക തന്നെയാണ്‌ ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!'  എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..!                                                മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും, പിറ്റേന്നത്തെ ഫ്ലൈറ്റില്‍ ബാവാക്കയും ഒരുബന്ധുവും കൂടി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു... മകനെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലിയൊക്കെയായി കടബാധ്യതകളൊക്കെ തീര്‍ത്ത് ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കാനിരുന്ന ആ പിതാവ് മകന്‍റെ മയ്യിത്തുമായാണ്‌ നാട്ടിലേക്ക് യാത്രയാകേണ്ടി വന്നത്..!!

4 November 2011