22 December 2011

പാഥേയം

13

                                                                         ബുദ്ധിശാലിയായ മനുഷ്യനീ
സ്ഥിരവാസം ഭൂഷണമല്ല..
പരദേശങ്ങളിലാണ്‌
ജീവിത സാക്ഷാത്കാരം
രക്തം വിയര്‍പുതുള്ളികളായി
വീഴുന്നതിലാണ്‌ മോഹസാഫല്യം ..
വില്ലില്‍ നിന്ന്‌ തെറിക്കുമ്പോഴാണ്‌
അസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..
ഒഴുകും പുഴ പോലെ,
പ്രവാഹം നിലക്കുമ്പോള്‍ ജലം
പ്രായേണ മലിനമാവുന്നു..
പറവകളെ കണ്ടില്ലേ..?
എത്ര വിദുരങ്ങളിലേക്കാണവയുടെ
ദേശാടനം..!
എത്ര വൃദ്ധിക്‌ഷയങ്ങള്‍ താണ്ടിയാണ്‌
ചന്ദ്രന്‍ പൂര്‍ണമാവുന്നത്..
അതിനാല്‍ പ്രയാണത്തിനൊരുങ്ങുക..
പാഥേയം കരുതിവെക്കുക..
സുകൃതമത്രെ നല്ല പാഥേയം...!

6 December 2011

ഗള്‍ഫ് സ്‌മരണകള്‍ - 8

7

  1992 
ഡിസംബർ 6 
ന് ബാബ്‌രി മസ്ജിദ്
തകര്‍ക്കപ്പെട്ടിട്ട് 19 വര്‍ഷം കഴിയുന്നു.. ഫാഷിസ്റ്റ് വര്‍ഗീയ ശക്തികള്‍ മസ്ജിദ് തകര്‍ക്കാനുള്ള സര്‍വസന്നാഹങ്ങളുമായി അയോധ്യയില്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ മസ്ജിദ് തകര്‍ക്കപ്പെടുകയില്ലെന്നും ഭരണകൂടം സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുസ്ലിംകളും മറ്റു മതേതരവിശ്വാസികളുമെല്ലാം കരുതിയിരുന്നു.. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് മസ്ജിദ് തകര്‍ക്കപ്പെടുകയായിരുന്നു.. ഭരണകൂടം ഒന്നും ചെയ്യാതെ, ഉരിയാടാതെ മൗനാനുവാദം നല്‍കുകയുമായിരുന്നു.. രാഷ്ട്രപിതാവ് മഹാത്മാഗന്ധിയുടെ വധത്തിന് ശേഷം ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറി അത്..!

ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഗള്‍ഫിലും ഇതിന്‍റെ അലയൊലികള്‍ പടര്‍ന്നിരുന്നു.. ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രവാസികള്‍ റോഡിലിറങ്ങുകയും ഇന്ത്യന്‍ എമ്പസ്സി, കൊണ്‍സുലേറ്റുകളുടെ മുന്നില്‍ തടിച്ചുകൂടുകയും ചെയ്‌തു.. ഗള്‍ഫില്‍ ഒരു പക്ഷെ ഇത് ആദ്യാനുഭവമായിരിക്കും..! അല്‍ഐനില്‍ ഇതിന്‍റെ പ്രതികരണം അതിര്‌ കടന്നു..
പാകിസ്ഥാന്‍ വംശാരായ പഠാണികള്‍ ഒരു ചര്‍ച്ചിന്‌ കല്ലെറിയുകയും ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയിലുള്ള ഇന്ത്യക്കാരുടെ രണ്ട്മൂന്ന് കടകള്‍ക്ക് തീ വെക്കുകയും ചെയ്‌തു.. ! 
ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയില്‍ സൈന്യമിറങ്ങുകയും പഠാണികളേയും അല്ലാത്തവരേയും വിസയും ബത്താക്കയുമൊന്നുമില്ലാത്തവരേയുമെല്ലാം പിടികൂടുകയും ചെയ്‌തു.. അതില്‍ നിരപരാധികളായ പലരും കുടുങ്ങി.. പഠാണികളധികവും താമസിച്ചിരുന്ന, അവരുടെ കേന്ദ്രമായ 'ഊപര്‍ സനാഇയ്യ' സൈന്യം അരിച്ചുപെറുക്കി ശുദ്ധികലശം നടത്തി..  മൂന്ന്നാല്‌ ദിവസം ​ഇന്‍റ്റസ്‌ട്രിയല്‍ ഏരിയ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു.. അവിടെ താമസിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിഞ്ഞില്ല.. ടൌണില്‍ താമസിച്ചിരുന്ന ഞാന്‍ ജോലിക്ക് പോകാന്‍ ടാക്`സി കയറി, അങ്ങോട്ട്  പോകാന്‍ കഴിയാതെ 'നാദി അല്‍ഐന'ടുത്ത് വരെ പോയി തിരിച്ചു പോരേണ്ടി വന്നു..
ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്‍` ഞാനന്ന്‍ സൈന്യത്തിന്‍റെ പിടിയലകപ്പെടാതെ രക്ഷപ്പെട്ടത്..! എന്‍റെ കൈവശമുള്ള ബത്താക്ക നാലഞ്ച് മാസം മുമ്പ് കാലാവധി തിര്‍ന്നതായിരുന്നു. പിടിക്കപ്പെട്ട് ജയിലില്‍ നരകിക്കേണ്ടീ വന്നേനേ..! 
പ്രശ്‌നങ്ങള്‍ അവസാനിച്ച് പട്ടാളവും പോലീസും പിന്‍വാങ്ങി, സാധാരണ നിലയിലായ ശേഷമാണ്‌ ജോലിക്ക് പോകാന്‍ കഴിഞ്ഞത്.. ജോലിസ്ഥലത്തെത്തിയപ്പോഴാണ്‌ നാരായണന്‍റെ ഗ്രോസറി കത്തിക്കിടകുന്നത് കണ്ടത്.. പഠാണികള്‍ തീ വെച്ച കടകളിലൊന്ന് അതായിരുന്നു..! കൂടെ ജോലി ചെയ്യുന്ന തമിഴനടക്കം പരിചയക്കാരായ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരേയും നാട്ടിലേക്ക് കയറ്റിവിടുമെന്നും അറിയാന്‍ കഴിഞ്ഞു.. ഒന്നും ചെയ്യാനാവില്ലല്ലോ എന്ന നിസ്സഹായതയോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി..!