ഒഴിഞ്ഞ കടത്തിണ്ണയില്‍ രണ്ട്മൂന്ന് പേര്‍ സംസാരിച്ചിരിക്കുന്നത്കണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു..
'നമ്മുടെ മറ്റേ പാര്‍ടിയില്ലേ...' 'ഓ അവനോ.. അവന്‍റെ കാര്യം പറയണ്ട..'
ഞാനും കൂട്ടത്തില്‍ കൂടി..! നോമ്പുകാരനാണെന്ന വിചാരമുണ്ടായെങ്കിലും ഞാന്‍ സംസാരത്തില്‍ കത്തിക്കയറി..
'ചങ്ങാതീ നിന്‍റെ കൂടെ വരാന്‍ ലജ്ജ തോന്നുന്നു, ഒരാളെപറ്റി എന്തൊക്കെയാണ്` നീ തട്ടി വിട്ടത്..!'
അവിടെനിന്ന് പിരിഞ്ഞയുടനെ നോമ്പ് പറഞ്ഞത് കേട്ട് ഞാന്‍ ഇളിഭ്യനായി തല താഴ്ത്തി..! സാധനങ്ങള്‍ വാങ്ങി കടയില്‍നിന്നിറങ്ങുംബോള്‍ ഒരു യാചകന്‍ വന്നു കൈ നീട്ടി.. 'ചില്ലറയൊന്നുമില്ലെ'ന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു
'നീ ചെയ്തത് ഒട്ടും ശരിയായില്ല, അയാള്‍ക്കെന്തെങ്കിലും കൊടുക്കാമായിരുന്നു,, റമദാന്‍ മാസമല്ലേ..!'
ശരിയാണ്` ഒരവസരം കളഞ്ഞു..
വീട്ടിലെത്തുമ്പോള്‍ അയല്‍വാസികളിലൊരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.. കാശ് കടം ചോദിക്കാന്‍ വന്നതാണ്, തിരിച്ചുകിട്ടാന്‍ പ്രയാസമാണ്, എങ്ങനെയെങ്കിലും ഒഴിവാക്കിയേപറ്റൂ..!
'ഞാനൊരാള്‍ക്ക് കുറച്ചു പൈസ കൊടുക്കാനുണ്ടായിരുന്നു, അയാളത് പെട്ടെന്ന് തിരിച്ചു ചോദിച്ചു, ഇന്നാണത് കൊടുത്തത്.. ഇനിയിയിപ്പോ എന്താ ചെയ്യാ..!' അയല്‍വാസി നിരാശനായി തിരിച്ചുപോയി..!
'നീ അയാളോട് പച്ചക്കള്ളമല്ലേ പറഞ്ഞത്..?'
'അവനെ ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു..!'
"ഇനിയിപ്പോ വിശപ്പും ദാഹവും സഹിച്ച് നീയെന്നെ പിടിച്ചു വെക്കുന്നത് അര്‍ത്ഥശൂന്യമാണ്`"
നോമ്പ് സലാം പറഞ്ഞ് പുറത്തിറങ്ങി പടി കടന്ന് അപ്രത്യക്ഷമായി..! ഞാന്‍ വിഷണ്ണനായി നോക്കി നില്‍ക്കെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നു..!