9 July 2011

അച്ഛന്‍...!

പ്ളസ് വണിന്` ഇഷ്ടവിഷയത്തില്‍ അലോട്മെന്‍റ്‌ ലഭിച്ച സന്തോഷത്തിലാണവള്‍. ഇതുവരെ ടെന്‍ഷനായിരുന്നു! അലോട്മെന്‍റ്‌ കിട്ടുമോ, കിട്ടിയാല്‍ തന്നെ എവിടെയുള്ള സ്കൂളില്‍, ഏത് വിഷയത്തില്‍ ..? ഇപ്പോഴാണ്` സമാധാനമായത്. ഇനി പുതിയ സ്കൂള്‍, പുതിയ കൂടുകാര്‍, പുതിയ അധ്യാപകര്‍ .. എല്ലാം കൊണ്ടും പുതിയ അന്തരീക്ഷം .. അവള്‍ക്ക് ആകാംക്ഷയും ആശങ്കയുമായിരുന്നു.. വീട്ടിലെ അനുകൂലമല്ലാത്ത സാഹചര്യത്തിലും അവള്‍ക്ക് പഠനത്തില്‍ നല്ല നിലവാരവും ഉയര്‍ന്ന ഗ്രേഡുമുണ്ടായിരുന്നു. വീട്ടിലെ ദാരിദ്ര്യവും പട്ടിണിയും ..  വല്ലപ്പോഴും മാത്രം പണിക്ക് പോകുന്ന അചന്‍ , കിട്ടുന്ന കാശ് കുടിച്ചും കളിച്ചും കളയും ..!  


മെറിറ്റില്‍ അവസരം ലഭിച്ചില്ലെങ്കില്‍ പഠനം നിര്‍ത്തേണ്ടിവരുമെന്നും സ്വകാര്യവിദ്യാലയത്തില്‍ പോയിപഠിക്കാന്‍ സാധിക്കില്ലെന്നും അവള്‍ക്കറിയാമായിരുന്നു.
അത്കൊണ്ടാണവള്‍ക്ക് സന്തോഷാധിക്യം. അഡ്മിഷന്` സ്കൂളില്‍ രിപോര്‍ട് ചെയ്യേണ്ട ദിവസമാണിന്ന്. അതിന്` വേണ്ടിയാണ്` നേരത്തെ തന്നെ അച്ഛനോടൊപ്പം പുറപ്പെട്ടത്.
അച്ഛന്‍റെ കൂടെ നടക്കുംബോള്‍ കുട്ടിക്കാലത്ത് ഉത്സവത്തിനും മറ്റും പോകുംബോള്‍ അച്ഛന്‍റെ കൈ പിടീച്ച് നടക്കുമായിരുന്നത് അവള്‍ക്കോര്‍മ്മ വന്നു, കുറെ നാളുകള്‍ക്ക് ശേഷം ഇന്നാണ്` അച്ഛന്‍റെ കൂടെ പോകാന്‍ അവസരമുണ്ടാകുന്നത്.. അവള്‍ അച്ചനെ തൊട്ടുരുമ്മി നടക്കാന്‍ ശ്രമിച്ചു..ബസ് കയറി സ്കൂളിലെത്തി, അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീര്‍ന്നപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. മടങ്ങുംബോള്‍ ഊണ്` കഴിക്കാമെന്ന് പറഞ്ഞ് അച്ഛന്‍ അവളേയും കൂട്ടി നഗരത്തിലെ ഒരു ഹോട്ടലില്‍ കയറി, വീട്ടില്‍ ചെന്നിട്ട് കഴിക്കാമെന്ന് അവള്‍ പറഞ്ഞെങ്കിലും അച്ഛന്‍ കൂട്ടാക്കിയില്ല. അച്ഛന്‍ കോഴിബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തു, അവള്‍ക്ക് അത്ഭുതമായി 'അച്ഛനിതെന്തു പറ്റി ആദ്യമായാണല്ലോ ഇങ്ങനെ' എന്നവള്‍ മനസാ പറഞ്ഞു. സപ്ളയര്‍ ഭക്ഷണസാധനങ്ങള്‍ ടേബിളില്‍ നിരത്തുന്നതിനിടയില്‍ ഒരാള്‍ വന്ന് അച്ഛനെ പുറത്തേക്ക് വിളിച്ചുകൊണ്ട്പോയി, അയാളാരാണെന്ന് അവള്‍ക്ക് മനസ്സിലായില്ല..!

'മോള്‍ ഭക്ഷണം കഴിച്ചോ അച്ചനിപ്പൊ വരും' പറഞ്ഞത് അപരിചിതനായിരുന്നു. അവള്‍ എന്ത് ചെയ്യണമെന്നറിയാതെ തന്‍റെ മുന്നിലുള്ള പ്ളേറ്റുകളിലേക്ക് നോക്കിയിരുന്നു. അപ്പുറത്തുമിപ്പുറത്തുമിരുന്ന്  ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ഒരുള്‍ഭയം അവളെ ഗ്രസിച്ചു... പിന്നെ കൈ മെല്ലെ പാത്രത്തിലേക്ക് നീണ്ടു..വളരെ സാവധാനമാണവള്‍ ഭക്ഷണം കഴിച്ചത്.ഏറെനേരത്തിന്` ശേഷമാണ്` അച്ഛന്‍ തിരിച്ചെത്തിയത്.
ഹോട്ടലില്‍നിന്ന് പുറത്തിറങ്ങുംബോള്‍ നേരത്തെ വന്നയാള്‍ അങ്ങോട്ട് വന്നു, റോഡിനെതിര്‍വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്ത് ചെന്ന് ഡോര്‍ തുറന്നു, അച്ഛന്‍ അയാളുടെ പിറകെ ചെന്ന് കാറില്‍ കയറി !  അവള്‍ മടിച്ചു മടിച്ചാണ്` കാറില്‍ കയറിയത്. എങ്ങോട്ടായിരിക്കും എന്നൊരു സന്ദേഹമുണ്ടായെങ്കിലും അച്ഛന്‍റെ കൂടെയാണല്ലോ എന്ന് കരുതി അവള്‍ ആശ്വസിച്ചു, അപരിചിതനും അച്ഛനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവള്‍ക്കൊന്നും മനസിലായില്ല.. അയാളൊരു മദ്യക്കുപ്പി  പിന്‍സീറ്റിലേക്ക് നീട്ടി, കിട്ടേണ്ട താമസം അച്ഛനത് മോന്താന്‍ തുടങ്ങി.. മദ്യത്തിന്‍റെ രൂക്ഷഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചുകയറി..!
  
കാര്‍ ഒരു വളവ് കഴിഞ്ഞ് കയറ്റം കയറുകയാണ്, എവിടേക്കാണ്` പോകുന്നതെന്ന് ചോദിക്കണമെന്നുണ്ട്, അപ്പോഴേക്കും അച്ഛന്‍ അര്‍ധബോധാവസ്ഥയിലേക്ക് വീണിരുന്നു ! ചോദിച്ചാല്‍ മറ്റെന്തെങ്കിലുമായിരിക്കും മറുപടി,  കാര്‍ മെയ്‌ന്‍ റോഡില്‍നിന്ന് വീതി കുറഞ്ഞ റോഡിലേക്ക് പ്രവേശിച്ചു, അല്പം പിന്നിട്ട ശേഷം ചെറിയൊരു ടെറസ് വീടിന്‍റെ മുന്നില്‍ ബ്രേക്കിട്ടു.   അയാള്‍ ഡോര്‍ തുറന്നു,

'ഇറങ്ങിക്കൊള്ളൂ !'കാറില്‍നിന്നിറങ്ങി ഒരടി മുന്നോട്ട് വെച്ചപ്പോഴേക്കും അച്ഛന്‍ കാലുറക്കാതെ താഴെ വീഴുമെന്ന നിലയിലായിരുന്നു  അയാളുടനെ അച്ഛനെതാങ്ങിപ്പിടിച്ചു..! 
അധികം വീടുകളില്ലാത്ത ഉയര്‍ന്നൊരു പ്രദേശമായിരുന്നു അത്..
ആള്‍താമസമില്ലാത്ത വീടു പോലെ...  മുറ്റത്ത് ചാപിലകള്‍ ചിതറിക്കിടക്കുന്നു, കുറ്റിച്ചെടികള്‍ വളര്‍ന്ന് പൊന്തക്കാടായിരിക്കുന്നു..
അവള്‍ക്ക് വല്ലാത്ത പന്തികേടും പേടിയും തോന്നി.. ! തന്നെ എന്തിനാണിവിടെക്കൊണ്ടുവന്നിരിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ! അച്ഛനിതെന്ത് ഭാവിച്ചാണാവോ..!അകത്ത്നിന്ന് മധ്യവയസ്കയായ ഒരു സ്ത്രീ വന്ന് ഇരുംബഴികളുള്ള പൂമുഖത്തെ വാതില്‍ തുറന്നു, ആയാള്‍ നേരെ അകത്തേക്ക് പോയി, തിരിച്ചുവന്ന്  ഒരു കവര്‍ അച്ഛന്‍റെ കയ്യില്‍ കൊടുത്തു അച്ഛനത് വേഗം അരയില്‍ തിരുകി !  കാശാണെന്ന് തോന്നുന്നു.. അതിനായിരിക്കും ഇവിടെ വരെ വന്നത്.. സ്കൂളില്‍ ക്ളാസ് തുടങ്ങുംബോഴേക്ക് യൂണിഫോമും പുസ്തകങ്ങളും മറ്റും വാങ്ങണായിരിക്കും ..!


നേരം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു.. ഇനി വേഗം തിരിച്ചു പോകാം ..  അമ്മ കാത്തിരിക്കുന്നുണ്ടാവും .. വൈകിയതെന്തെന്നോര്‍ത്ത് വിഷമിച്ചിരിക്കയാവും പാവം ..!  അവള്‍ പുറത്തിറങ്ങാന്‍ ഭാവിച്ചപ്പോള്‍ ആ സ്ത്രീ 'അകത്തേക്ക് വന്നോളൂ' എന്ന് പറഞ്ഞ് അവളുടെ കൈ പിടിച്ചു..! അയാള്‍ വാതില്‍ തഴിട്ട് പൂട്ടി ..!! അപ്പോഴേക്കും അചന്‍ പുറത്തിറങ്ങി നടന്നു തുടങ്ങിയിരുന്നു..
"അച്ഛാ.. അച്ഛാ.. ഞാനും വരുന്നൂ.. " എന്നവള്‍ അലറിക്കരഞ്ഞെങ്കിലും കേള്‍ക്കാഞ്ഞിട്ടാണോ അതോ എന്തോ അച്ഛന്‍ തിരിഞ്ഞു നോക്കിയില്ല.. മദ്യലഹരിയില്‍ ആടിയാടി നടന്നുപോകുന്ന അച്ഛനെ ഒന്നുമറിയാതെ അവള്‍ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു.. എങ്ങുനിന്നോ അരിച്ചെത്തിയ ഇരുളില്‍ അച്ഛന്‍റെ ‍രൂപം മറയുന്നതുവരെ...!
പിന്നെ താഴെ വീഴാതിരിക്കാന്‍ അഴികളീല്‍ പിടിച്ചു...!
Share:

4 comments:

 1. സമകാലീന സംഭവ കഥ അല്ലെ ..കൊള്ളാം ആശംസകള്‍

  ReplyDelete
 2. ഉം, കാലികപ്രസക്തം.

  ReplyDelete
 3. അച്ഛന്‍ എന്ന പദത്തെ തന്നെ വ്യഭിചരിക്കുന്നവരെ ചൂണ്ടികാട്ടിയതന് നന്ദി..

  ReplyDelete
 4. എല്ലാവര്‍ക്കും നന്ദി,
  പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു..

  ReplyDelete

സഹയാത്രികർ

Google+ Followers

Blog Archive

.

Blog Archive

Recent Posts

Pages