30 May 2012

കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര.... !!?

8



കോളേജിലേക്ക് പോയ മകന്‍ ഹോസ്റ്റലില്‍ വെച്ച് ക്രൂരമായ റാഗിംഗിന്‌ വിധേയമായി ചേതനയറ്റ ശരീരമായാണ്‌ തിരിച്ചെത്തിയത്..!
 
കൊട്ടും കുരവയുമായി കതിര്‍മണ്ഡപത്തില്‍ 
നിന്ന് ഭര്‍തൃഗൃഹത്തിലേക്ക്  ആനയിച്ചു കൊണ്ടുപോയ മകളെ ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിലാണ് കൊണ്ടുവന്നത്..

ട്രെയ്‌ന്‍ കയറാന്‍  സ്‌റ്റേഷനിലേക്ക് പോയ സഹോദരിയെ, ശിരസ്സറ്റ്  റെയില്‍ വേട്രാക്കില്‍ കിടക്കുന്ന നിലയിലാണ്  കണ്ടെത്തിയത്..!
   
നഗരത്തിലേക്ക് ഇന്‍റര്‍വ്യൂവിന്‌ പോയ സഹോദരന്‍ തീവ്രവാദക്കേസില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടതായി ചാനല്‍ റിപ്പോര്‍ട്ട്..!


ബന്ധുവീട്ടിലേക്ക് പോയ അമ്മ കുറ്റിക്കാട്ടില്‍ വിവസ്‌ത്രയായി ചലനമറ്റു കിടക്കുന്നു..!


രാവിലെ ഓഫീസിലേക്ക് പോയ അച്ഛന്‍ മണല്‍ ലോറി 
തട്ടി മരിച്ചെന്ന് ഫോണ്‍ ..!

 ഹോസ്‌പിറ്റലില്‍ പോയ ഗര്‍ഭിണിയായ ഭാര്യയെ, 
വയറു പിളര്‍ന്ന് രക്തം വാര്‍ന്ന ശേഷമാണ്‌ ലേബര്‍ റൂമില്‍ നിന്ന് 
പുറത്തേക്ക് കൊണ്ടുവന്നത്..!

വൈകുന്നേറം പാര്‍ട്ടി യോഗത്തിന്‌ പോയ ഭര്‍ത്താവ് , 
തലങ്ങും വിലങ്ങും വെട്ടേറ്റ്  കഷ്ണങ്ങളായാണ്‌ തെരുവില്‍ കിടന്നിരുന്നത്..!!

12 May 2012

ദയവായി ക്യുവില്‍ തുടരുക..!

14



ഉദ്യോഗസ്ഥരുടെ ശമ്പളം ബാങ്ക് വഴിയായത് സൌകര്യമായി .. ആവശ്യമുള്ള പൈസ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചാല്‍ മതിയല്ലോ മുഴുവന്‍ ശമ്പളവും കയ്യില്‍ വാങ്ങി സൂക്ഷിക്കേണ്ടതുമില്ല.. ഓരോ മാസത്തേയും ബാലന്‍സ് അക്കൌണ്ടില്‍ ഡെപ്പോസിറ്റായി കിടന്നുകൊള്ളും ഇതില്‍ പരം സൌകര്യമെന്ത്..  ? ആനനലബ്ധിക്കിനിയെന്ത് വേണം ..! എ.ടി.എമ്മിന്` മുന്നില്‍ ചെന്നപ്പോള്‍ നീണ്ട ക്യു കണ്ട് ഞാനന്തം വിട്ടു.. ഒന്നു രണ്ട് മണീക്കൂര്‍ ക്യൂവില്‍ കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോള്‍ ഈ സവിധാനത്തെ ശപിച്ചു കൊണ്ടിരുന്നു.. മുമ്പ് ഒരു തടസ്സവുമില്ലാതെ കയ്യില്‍ കിട്ടിയിരുന്നതാണ്.. 

ഏറെ നേരം ക്യുവില്‍ നിന്നിട്ടാണെങ്കിലും ഊഴമെത്തിയപ്പോള്‍ ഞാന്‍ ഗമയില്‍ തന്നെ കാര്‍ഡ് യന്ത്രത്തിന്റെ വായില്‍ തിരുകി.. 
please remove your card and insert again..!  

എന്ന സന്ദേശം കണ്ട് ഞാന്‍ കാര്‍ഡ് എടുത്ത് വീണ്ടും തിരുകിക്കയറ്റി.. ഫലം തഥൈവ.. എടിഎമ്മില്‍ നിന്ന് മുമ്പും കാശ് പിന്‍വലിച്ചിട്ടുണ്ടല്ലോ.. ഇപ്പഴെന്താ ഇങ്ങനെ..  പല തവണ ശ്രമിച്ചിട്ടും ശരിയാവുന്നില്ല .. പിന്നിലുള്ളവര്‍ പിറുപിറുക്കുന്നു .. 
'ഇയാളേത് കോത്താഴത്തുകാരനാ.. മാഷാണെന്നും പറഞ്ഞ് എടിഎം കാര്‍ഡുമായി വന്നിരിക്കുന്നു.. '!!
'അല്ലെങ്കിലും ഈ മാഷമ്മാര്‍ക്കൊന്നും ഇപ്പൊ ഒരു വിവരവുമില്ലെന്നേ.. വെറുതെയിരുന്ന് ശമ്പളം വാങ്ങല്ലാതെ..'
ഒടുവില്‍ പിറകില്‍ നില്‍ക്കുന്ന ഒരുത്തന്റെ സഹായത്തിലാണ്‌ പൈസ പിന്‍വലിച്ചത്.. തിരിച്ചു നടക്കുമ്പോള്‍ ക്യുവിലൂണ്ടായിരുന്നവരുടെ മുഖത്തെ പരിഹാസച്ചിരി കാണാതിരിക്കാന്‍ അങ്ങോട്ട് ശ്രദ്ധിക്കാതെ വാച്ചില്‍ നോക്കി.. ഒന്നോ രണ്ടോ മിനിറ്റിന്റെ കാര്യത്തിന്‌ ഒരു മണീക്കൂറിലധികം സമയം .. !

വേഗം ഇലക്‌ട്രിസിറ്റി ഓഫീസിലേക്ക് ഓട്ടോ പിടിച്ചു.. പവര്‍കട്ടും കക്കലും വോള്‍ട്ടേജ്ക്ഷാമവുമൊക്കെയാണെങ്കിലും ബില്ലടക്കാതെ പറ്റില്ലാല്ലോ.. അടച്ചില്ലെങ്കില്‍ മൊത്തമായങ്ങ് കട്ടു ചെയ്യും ..!
പവര്‍ പ്രശ്നം തീര്‍ക്കാന്‍ പ്രസ്താവനകളും സ്വീകരണ യോഗങ്ങളും കഴിഞ്ഞ് മന്ത്രിക്കും നേരമില്ല..
(ഭരണനേട്ടങ്ങളുടെ പട്ടികയില്‍
ഞങ്ങളുടെ നാട്ടിലെ വോള്‍ട്ടേജ് പ്രശ്നം പരിഹരിച്ചതായി വലിയ ഫ്‌ളക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അത് അപ്രത്യക്ഷമായി.. മഴ നനഞ്ഞല്‍ ഫ്യൂസ് പോകുന്ന ഞങ്ങളുടെ പവറിന്‌ കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിമിന്നലിന്റെ ഷോക്കേറ്റ് വോള്‍ട്ടേജ് കൂടി..!!)

ഇലക്‌ട്രിസിറ്റി ഓഫീസിലെത്തിയപ്പോള്‍ അവിടത്തെ ക്യു കണ്ട്  എന്റെ കണ്ണ്‌ തള്ളീ.. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ പോലെ.. ബില്ലടക്കേണ്ട അവ
സാന ദിവസമായത് കൊണ്ട് ഇന്ന് തന്നെ അടക്കണം അതിന്‌ ക്യൂവില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല പരിചയക്കാരാരെങ്കിലും ക്യുവിലുണ്ടോയെന്ന് ഞാന്‍ വെറുതെയൊന്ന് കണ്ണോടിച്ചു.. എന്റെ കാകദൃഷ്ടിയുടെ അര്‍ത്ഥം മനസിലാക്കിയിട്ടാവണം എല്ലാവരുടെ മുഖത്തും അപരിചിതഭാവം ..!

ഗത്യന്തരമില്ലാതെ ഞാന്‍ ക്യൂവിന്റെ ഭാഗമായി.. ഇലക്‌ട്രിസിറ്റി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു.. ചില്ലറ സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകാം .. ചോറ്‌ തിന്നല്‍ വീട്ടില്‍ ചെന്നിട്ടാവാം .. ഹോട്ടലില്‍ നിന്ന് കഴിച്ചാല്‍ ശരിയാവില്ല ..(പൈസ കൊടുക്കണമല്ലോ..!)
നട്ടുച്ച നേരമായതിനാല്‍ ചൂടിന്‌ ഭയങ്കര ചൂട്..  അല്‍പം നടന്നപ്പോഴേക്കും വിയര്‍ത്തു കുളിച്ചു.. വല്ലാത്ത ദാഹം .. റോഡരികിലുള്ള കടയില്‍ കയറി തണുത്ത ജ്യൂസ് കുടിച്ചപ്പോള്‍ വല്ലാത്ത ആശ്വസം ..!
മാവേലി സ്റ്റോറിലെ തിരക്കു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചു വന്നാലോ എന്നാലോചിച്ചെങ്കിലും അപ്പോഴേക്കുമിനിയും തിരക്കു കൂടിയാലോ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്ന് വെച്ചു.. ഒരു മണിക്കൂറിലധികം അവിടെയും കാത്തു നില്‍ക്കേണ്ടി വന്നു.. 

നേരം വൈകുന്നേരമായിത്തുടങ്ങി..  ഏതായാലും ടൌണില്‍ വന്നതല്ലേ..കുറച്ചു പച്ചക്കറി കൂടി വാങ്ങാമെന്ന വിചാരത്തോടെ മാര്‍ക്കറ്റിലേക്ക് നടന്നു.. അപ്പോഴാണ്‌ സര്‍ക്കാര്‍ വിലാസം ബീവറേജസിനു മുന്നിലെ നീണ്ട ക്യൂ കാണാനിടയായത്, ഇക്കണ്ട പൂരമൊന്നും പൂരമല്ല കെട്ടോ. ഇതാണ്‌ പൂരം ..! കുടിയന്‍മാര്‍ക്കൊക്കെ ഇത്ര അച്ചടക്കവും മര്യാദയുമോ..?!  മൊബൈലെടുത്ത് ഒന്ന് ക്ലിക്കിയാലോ.. ഫോണെടുത്തപ്പോഴാണ്‌ മിസ്ഡ്  കോള്‍ കണ്ടത് .. ! വീട്ടില്‍ നിന്നാണ്..  വിളിച്ചു നോക്കാം .. രാവിലെ പോന്നതല്ലേ.. മറ്റെന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ചോദിക്കുകയുമാവാം .. രണ്ട്മൂന്ന് തവണ വിളിച്ചു നോക്കിയെങ്കിലും എടുക്കുന്നില്ല..  ഒരു കയ്യില്‍ സഞ്ചിയും തൂക്കിപ്പിടിച്ച് മറ്റെ കയ്യില്‍ മൊബൈലും ചെവിയില്‍ വെച്ച് റോഡരികിലൂടെ വിശന്നു പൊരിഞ്ഞുള്ള നടത്തത്തിനിടയില്‍ മൊബൈല്‍ സേവനദാതാവിന്റെ പരിഹാസപൂര്‍ണമായ കിളിമൊഴി..
"താങ്കള്‍ വിളിക്കുന്ന .......നമ്പര്‍ ഇപ്പോള്‍ ബിസിയാണ്.. അല്ലെങ്കില്‍ പ്രതിക്കുന്നില്ല.. ദയവായി അല്‍പസമയം കഴിഞ്ഞ് വിളിക്കുകയോ ലൈനില്‍  (ക്യുവില്‍ ) തുടരുകയോ ചെയ്യുക"..!!

21 April 2012

ഓര്‍മച്ചിത്രങ്ങള്‍

31



                                              എവിടെയൊക്കെയോ വെച്ചു മറന്ന് 
പൊടിപിടിച്ച് മങ്ങിപ്പോയെന്‍  
ഓര്‍മച്ചിത്രങ്ങളിലേക്ക്,
കരഞ്ഞുകലങ്ങിയ കണ്ണുകളും
കറുത്തു തുടങ്ങിയ കണ്‍തടങ്ങളും
നരച്ചുതുടങ്ങിയ മുടിയിഴകളും
വരകള്‍ വീണ നെറ്റിതടവും 
തുടിപ്പുകള്‍ മാഞ്ഞുപോയ കവിളുകളും
വിതുമ്പുന്ന അധരങ്ങളുമായവള്‍ വന്നു...
എന്‍റെ മാറില്‍ വീണ്‌ തേങ്ങിക്കരയുമ്പോള്‍ 
ശിരസിലൊന്ന് തലോടി 
സാന്ത്വനമേകുവാനോ
ആശ്ലേഷിച്ചാശ്വാസമോതുവാനോ
ആവാതെ ഞാന്‍ കണ്ണടച്ചു ...

ഇന്നിപ്പോള്‍,  
എന്‍റെ  ഓര്‍മച്ചിത്രങ്ങള്‍ക്കു മീതെ
മണ്ണ്‌ വാരിയെറിഞ്ഞവള്‍ 
പടി കടന്നു പോകുമ്പോള്‍
ഒന്നുമുരിയാടാനാകാതെ,
കൈ വീശി വിട പറയാന്‍ പോലുമാവാതെ
ചിറകൊടിഞ്ഞ വിഹംഗം പോല്‍ 
എന്‍റെയുള്ളു പിടഞ്ഞു...

എവിടെയുമിടം കിട്ടാതെയീ 
ഓര്‍മച്ചിത്രങ്ങള്‍
കലഹിച്ചും തമ്മില്‍ തല്ലിയും 
കീറിപ്പറിഞ്ഞും ചിതലരിച്ചും 
ദ്രവിച്ചും നാശമാകവേ,
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ

ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍ 

ഞാനാടിക്കൊണ്ടിരുന്നു...!

19 March 2012

നേര്‍കാഴ്‌ചകള്‍

31

ഒട്ടിയ വയറും എല്ലുന്തിയ ശരീരവുമായി വടി കുത്തിപ്പിടിച്ച് വേച്ചു വേച്ചു നടന്ന് വയര്‍ തടവിക്കൊണ്ട് വൃദ്ധന്‍ യാചിച്ചു..
'സാറേ.. വിശന്നിട്ടു വയ്യ, വല്ലതും തരണേ..!?'


റെസ്റ്റാറന്റിന്റെ പിറകില്‍ പക്ഷികളും തെരുവുപട്ടികളും  കടിപിടി കൂടുന്നതിനിടയില്‍ എച്ചില്‍ കൂമ്പാരത്തില്‍ ആര്‍ത്തിയോടെ വാരിത്തിന്നുന്ന
വൃദ്ധന്‍ !


നഗരത്തിലെ ഷോപുകളുടെ ഷട്ടറുകള്‍ താഴേണ്ട താമസം ഇരുളിലെവിടെയോ മറഞ്ഞിരുന്നിരുന്ന വൃദ്ധന്‍ കടത്തിണ്ണയില്‍ ചുരുണ്ടുകൂടി.. മൂളിപ്പറക്കുന്ന കൊതുകുകളുടെ താരാട്ടില്‍ സുഖനിദ്ര..!!


              **                   **                      **

നാട്ടിലെ പണക്കാരന്‍റെ വീട്.. സല്‍ക്കാരത്തിന്‌ തീന്‍മേശയില്‍ നിരന്ന സമൃദ്ധമായ വിഭവങ്ങള്‍ ..  മൂക്കു മുട്ടെ തിന്ന് എല്ലാവരും ഏമ്പക്കം വിട്ടു..!   പ്ലെയ്റ്റിലും മറ്റും ബാക്കിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ രണ്ട്മൂന്ന് പേര്‍ക്ക് വിശപ്പടക്കനുണ്ടാവും..!!

ശീതീകരിച്ച റൂമില്‍ ഡബ്‌ള്‍ കോട്ട് മെത്തയില്‍  ചിത്രപ്പണികളും ഞൊറിവുകളുമുള്ള , 
മിനുസമാര്‍ന്ന വിരിപ്പില്‍, കൊതുകുവലക്കുള്ളില്‍ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല..
'വയറിനുള്ളില്‍ എന്തോ ഒരസ്‌കിത..'


നഗരത്തിലെ പ്രസിദ്ധമായ ഫൈവ്സ്റ്റാര്‍ ഹോസ്‌പിറ്റലില്‍ നെഞ്ചും വയറും തടവിക്കൊണ്ട് കിടക്കുമ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു..
"ഷുഗറും കൊളസ്ട്രോളും വളരെ കൂടുതലാണ്‌.. സാധാരണ കഴിക്കുന്നതൊന്നും തിന്നാന്‍ പറ്റില്ല.. നന്നായി ശ്രദ്ധിക്കണം   ഇല്ലെങ്കില്‍ അപകടമാണ്‌" ..?!!

27 February 2012

പിതൃത്വം

23


കോടതിമുറിയിലെ, നിയമങ്ങളുടെ തലനാരിഴ കീറീയുള്ള പരിശോധനയും വാദിയെ പ്രതിയാക്കിയും പ്രതിയെ വാദിയുമാക്കിയുമുള്ള വിസ്‌താരങ്ങളും വാഗ്വാദങ്ങളും കേട്ട്, ചോരക്കുഞ്ഞിനെ മാറോടാണാച്ച് അവള്‍ കൂട്ടീല്‍ തല താഴ്‌ത്തി നിന്നു..
പാറിപ്പറന്ന തലമുടി, വാടിയ വദനം, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, മണലൂറ്റി വറ്റിവരണ്ട പുഴ പോലെ അകാലത്തില്‍ പൊലിഞ്ഞ കൌമാരം..!
 
'മോളേ, ഇതു കോടതിയാണ്`, ഇവിടെ സത്യം മാത്രമേ പറയാവൂ..'
 

വക്കീലിന്‍റെ ചോദ്യം കേട്ട് അവള്‍ മെല്ലെ തല പാതിയുയര്‍ത്തി.. 
'മോളുടെ പേരെന്താ..'? 
"..............." 
വയസ്സെത്ര..? 
"പതിനാല്`..!"

'ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?' 
"ഇല്ല"  അവള്‍ തലയാട്ടി.. 
'ഇത് നീ പ്രസവിച്ച കുട്ടിയല്ലേ..? ' 
"ഉം .."

'ഈ കുട്ടിയുടെ അച്ഛനാരാണെന്നറിയുമോ..?' 
"അ..അച്ഛന്..!!" 
'അച്ഛനാരാണെന്ന് പറയൂ..?'
 
"അച്ഛന്..!!" 
'പേടിക്കാതെ പറഞ്ഞോളൂ.?'

"അച്ചന്‍,,!?
അവള്‍ ഭ്രാന്തിയെപ്പോലെ  'അച്ചന്‍  അച്ചന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു...!!?





2012 മാര്‍ച് 13 ലെ പത്രങ്ങളില്‍ വന്നത്..!!





4 January 2012

തിരിച്ചറിവ്(ഇല്ലായ്മ)

54

'പ്രഥമചഷകത്തിന്‍ ലഹരി അതിമധുരം, അനിര്‍വചനീയം.. അതാസ്വദിച്ചില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.. ഒരു പുരുഷായുസ് മുഴുവന്‍ വ്യര്‍ത്ഥം..!' എന്ന പ്രലോഭനങ്ങളാണ്‌ ആദ്യമായി മദ്യം നുണയുന്നതിന്‌ പ്രചോദനമായത്..!    ഇന്നിപ്പോള്‍ അവസാന ചഷകത്തിന്‍റേയും ലഹരി നഷ്ടപ്പെടാതിരിക്കാന്‍ 'പാനപാത്രം' സദാ അധരങ്ങളില്‍ തന്നെയാണ്‌..!
 ആദ്യമോക്കെ ബീവറേജസിനു മുന്നില്‍  തലയിൽ മുണ്ട് ഇട്ടുകൊണ്ടാണ് ക്യൂ നിന്നിരുന്നത്..  പിന്നെ പിന്നെ 'മൂക്കറ്റം മോന്തി' റോഡരികില്‍ വീണു കിടക്കുമ്പോള്‍ ഉടുതുണി ഉരിഞ്ഞു പോയത് പോലും തിരിച്ചറിയാതായി..!!

രാവിലെ കുളിച്ച് ഇസ്തിരിയിട്ട വസ്ത്രമുടുത്ത് സുഗന്ധം പൂശി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ റോഡിലൂടെ വാഹനം പാഞ്ഞു പോയപ്പോഴുണ്ടായ പുകയും പൊടിപടലങ്ങളും കാരണം ടവ്വല്‍ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ചാണ്‌ നടന്നത്..!
വൈകുന്നേരം 'അല്‍പം അകത്താക്കി' ആടിയുലഞ്ഞും തപ്പിത്തടഞ്ഞും ഉരുണ്ടുപിരണ്ടും എങ്ങിനെയൊക്കെയോ വീടണഞ്ഞപ്പോള്‍ ദേഹമാസകലം ​പൊടി പുരണ്ടിരുന്നു..!
 

മകനെ വാരിപ്പുണര്‍ന്ന് ഉമ്മ വെച്ചും ഭാര്യയുടെ കവിളില്‍ ചുംബിച്ചും സന്തോഷാതിരേകത്തോടെയാണ്‌ ജോലിക്ക് പോയത്.. സന്ധ്യക്ക് തിരിച്ചെത്തിയപ്പോള്‍ ഭാര്യ നല്‍കിയ ചായ "എന്താടീ ചായക്ക് പാലില്ലേ"?! എന്ന് പറഞ്ഞ് ഒരേറും "ഠേ" എന്ന് മുഖത്തൊരിടിയും..!  കരഞ്ഞുകൊണ്ട് വന്ന മകനെ കാലു കൊണ്ട് തട്ടിമാറ്റിയും കട്ടിലില്‍ വീണു..!
 

കൂട്ടുകാരന്‍റെ വീട്ടില്‍ 'കമ്പനിക്ക്' ഒത്തുകൂടിയതായിരുന്നു.. 'വിദേശി'ക്കൊപ്പം അവന്‍റെ ഭാര്യ വിളമ്പിയ വിഭവങ്ങളും കൂടിയായപ്പോള്‍ വീര്യം വര്‍ദ്ധിച്ചു.. എത്ര അകത്താക്കിയെന്നറിയില്ല.. സ്ഥലകാലബോധവും..!
ഭാര്യയാണെന്ന് കരുതി കയറിപ്പിടിച്ചത് കൂട്ടുകരന്‍റെ ഭാര്യയെയായിരുന്നുവെന്ന് പിറ്റേന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്‌ മനസിലായത്..!
 

കൂട്ടുകാര്‍ക്കൊപ്പം ബാറില്‍ നിന്ന് നന്നായി 'മിനുങ്ങി', കാറില്‍ അടിച്ചിപൊളിച്ചു കറങ്ങിയടിക്കവേ  അമിതവേഗതയില്‍ നിയന്ത്രണം വിട്ട് കാര്‍ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞപ്പോള്‍ ജീവിതത്തിന്‍റെയര്‍ത്ഥം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു..!!?

  

22 December 2011

പാഥേയം

13

                                                                         ബുദ്ധിശാലിയായ മനുഷ്യനീ
സ്ഥിരവാസം ഭൂഷണമല്ല..
പരദേശങ്ങളിലാണ്‌
ജീവിത സാക്ഷാത്കാരം
രക്തം വിയര്‍പുതുള്ളികളായി
വീഴുന്നതിലാണ്‌ മോഹസാഫല്യം ..
വില്ലില്‍ നിന്ന്‌ തെറിക്കുമ്പോഴാണ്‌
അസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..
ഒഴുകും പുഴ പോലെ,
പ്രവാഹം നിലക്കുമ്പോള്‍ ജലം
പ്രായേണ മലിനമാവുന്നു..
പറവകളെ കണ്ടില്ലേ..?
എത്ര വിദുരങ്ങളിലേക്കാണവയുടെ
ദേശാടനം..!
എത്ര വൃദ്ധിക്‌ഷയങ്ങള്‍ താണ്ടിയാണ്‌
ചന്ദ്രന്‍ പൂര്‍ണമാവുന്നത്..
അതിനാല്‍ പ്രയാണത്തിനൊരുങ്ങുക..
പാഥേയം കരുതിവെക്കുക..
സുകൃതമത്രെ നല്ല പാഥേയം...!

6 December 2011

ഗള്‍ഫ് സ്‌മരണകള്‍ - 8

7

  1992 
ഡിസംബർ 6 
ന് ബാബ്‌രി മസ്ജിദ്
തകര്‍ക്കപ്പെട്ടിട്ട് 19 വര്‍ഷം കഴിയുന്നു.. ഫാഷിസ്റ്റ് വര്‍ഗീയ ശക്തികള്‍ മസ്ജിദ് തകര്‍ക്കാനുള്ള സര്‍വസന്നാഹങ്ങളുമായി അയോധ്യയില്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ മസ്ജിദ് തകര്‍ക്കപ്പെടുകയില്ലെന്നും ഭരണകൂടം സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുസ്ലിംകളും മറ്റു മതേതരവിശ്വാസികളുമെല്ലാം കരുതിയിരുന്നു.. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് മസ്ജിദ് തകര്‍ക്കപ്പെടുകയായിരുന്നു.. ഭരണകൂടം ഒന്നും ചെയ്യാതെ, ഉരിയാടാതെ മൗനാനുവാദം നല്‍കുകയുമായിരുന്നു.. രാഷ്ട്രപിതാവ് മഹാത്മാഗന്ധിയുടെ വധത്തിന് ശേഷം ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറി അത്..!

ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഗള്‍ഫിലും ഇതിന്‍റെ അലയൊലികള്‍ പടര്‍ന്നിരുന്നു.. ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രവാസികള്‍ റോഡിലിറങ്ങുകയും ഇന്ത്യന്‍ എമ്പസ്സി, കൊണ്‍സുലേറ്റുകളുടെ മുന്നില്‍ തടിച്ചുകൂടുകയും ചെയ്‌തു.. ഗള്‍ഫില്‍ ഒരു പക്ഷെ ഇത് ആദ്യാനുഭവമായിരിക്കും..! അല്‍ഐനില്‍ ഇതിന്‍റെ പ്രതികരണം അതിര്‌ കടന്നു..
പാകിസ്ഥാന്‍ വംശാരായ പഠാണികള്‍ ഒരു ചര്‍ച്ചിന്‌ കല്ലെറിയുകയും ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയിലുള്ള ഇന്ത്യക്കാരുടെ രണ്ട്മൂന്ന് കടകള്‍ക്ക് തീ വെക്കുകയും ചെയ്‌തു.. ! 
ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയില്‍ സൈന്യമിറങ്ങുകയും പഠാണികളേയും അല്ലാത്തവരേയും വിസയും ബത്താക്കയുമൊന്നുമില്ലാത്തവരേയുമെല്ലാം പിടികൂടുകയും ചെയ്‌തു.. അതില്‍ നിരപരാധികളായ പലരും കുടുങ്ങി.. പഠാണികളധികവും താമസിച്ചിരുന്ന, അവരുടെ കേന്ദ്രമായ 'ഊപര്‍ സനാഇയ്യ' സൈന്യം അരിച്ചുപെറുക്കി ശുദ്ധികലശം നടത്തി..  മൂന്ന്നാല്‌ ദിവസം ​ഇന്‍റ്റസ്‌ട്രിയല്‍ ഏരിയ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു.. അവിടെ താമസിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിഞ്ഞില്ല.. ടൌണില്‍ താമസിച്ചിരുന്ന ഞാന്‍ ജോലിക്ക് പോകാന്‍ ടാക്`സി കയറി, അങ്ങോട്ട്  പോകാന്‍ കഴിയാതെ 'നാദി അല്‍ഐന'ടുത്ത് വരെ പോയി തിരിച്ചു പോരേണ്ടി വന്നു..
ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്‍` ഞാനന്ന്‍ സൈന്യത്തിന്‍റെ പിടിയലകപ്പെടാതെ രക്ഷപ്പെട്ടത്..! എന്‍റെ കൈവശമുള്ള ബത്താക്ക നാലഞ്ച് മാസം മുമ്പ് കാലാവധി തിര്‍ന്നതായിരുന്നു. പിടിക്കപ്പെട്ട് ജയിലില്‍ നരകിക്കേണ്ടീ വന്നേനേ..! 
പ്രശ്‌നങ്ങള്‍ അവസാനിച്ച് പട്ടാളവും പോലീസും പിന്‍വാങ്ങി, സാധാരണ നിലയിലായ ശേഷമാണ്‌ ജോലിക്ക് പോകാന്‍ കഴിഞ്ഞത്.. ജോലിസ്ഥലത്തെത്തിയപ്പോഴാണ്‌ നാരായണന്‍റെ ഗ്രോസറി കത്തിക്കിടകുന്നത് കണ്ടത്.. പഠാണികള്‍ തീ വെച്ച കടകളിലൊന്ന് അതായിരുന്നു..! കൂടെ ജോലി ചെയ്യുന്ന തമിഴനടക്കം പരിചയക്കാരായ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരേയും നാട്ടിലേക്ക് കയറ്റിവിടുമെന്നും അറിയാന്‍ കഴിഞ്ഞു.. ഒന്നും ചെയ്യാനാവില്ലല്ലോ എന്ന നിസ്സഹായതയോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി..!








30 November 2011

24 November 2011

രോദനം

57



 
ബസ്സില്‍ കയറുമ്പോള്‍ 'വേഗം കേറ്.. വേഗം കേറ്..' എന്ന് പറഞ്ഞുകൊണ്ട് വാതിലില്‍ നിന്നിരുന്ന 'കിളി' ശരീരത്തിലെവിടെയൊക്കെയോ സ്പര്‍ശിച്ചു..!
കണ്ടക്ടർ വന്ന്  പൈസ വാങ്ങുമ്പോള്‍ 'സിടി യാണല്ലേ, മുന്നോട്ട് നില്‍ക്ക്' എന്ന് മുരണ്ട്, തള്ളിക്കൊണ്ട് അയാള്‍ ശരീരത്തിലുരസി നീങ്ങിയപ്പോള്‍ അസഹ്യമായ വിയര്‍പുനാറ്റം..!

ബാഗ് തോളില്‍ തൂക്കി, കമ്പിയില്‍ എത്തിവലിഞ്ഞ് തൂങ്ങി നില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവന്‍റെ വിരലുകള്‍ പിന്‍ഭാഗത്ത് താളം പിടിക്കുന്നത് അവളറിഞ്ഞെങ്കിലും മാറി നില്‍ക്കാന്‍ ബസില്‍ സൌകര്യമുണ്ടായിരുന്നില്ല..! 

സ്കൂളില്‍ ഇന്‍റര്‍വല്‍ സമയത്ത് പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ വെച്ച്, 'അടിപൊളിയാണല്ലോ' എന്ന്പറഞ്ഞ് സഹപാഠിയായ ഒരുത്തന്‍ വന്നു മേലില്‍ മുട്ടിയപ്പോള്‍ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ ചാരി..!
കമ്പ്യൂട്ടര്‍ പ്രാക്‌റ്റിക്കല്‍ ക്ലാസില്‍ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ 'എന്താ ശരിയാകുന്നില്ലേ..?' എന്ന് പറഞ്ഞ് ചാരെ വന്നുനിന്ന് മൌസ് പിടിച്ച് പരിശീലിപ്പിക്കവേ, അധ്യാപകന്‍റെ കൈ 'അവിടെയുമിവിടെയും' തലോടുന്നത് അരോചകമായെങ്കിലും അവള്‍ക്കൊന്നും പറയാനായില്ല..!

അയൽപക്കത്തെ ആൻറിയുടെ കോളേജിൽ പഠിക്കുന്ന മകൻ ഏട്ടനെ ചോദിച്ച് വന്നപ്പോൾ വല്ലാത്തൊരു നോട്ടത്തോടെ, മൂളിക്കൊണ്ട് മാറിൽ പിടിച്ചപ്പോൾ അവൾക്ക് നന്നായി വേദനിച്ചു..!
രാത്രി കിടന്നുറങ്ങുമ്പോൾ മേനിയിലെന്തോ ഇഴയുന്നതറിഞ്ഞ് ഞെട്ടിയുണർന്ന് നിലവിളിക്കാൻ വാ തുറന്നതും ബലിഷ്ടമായൊരു കൈ വായ പൊത്തിപ്പിടിക്കുകയും ഇരുട്ടിൽ മുഖം വ്യക്തമല്ലാത്തൊരാൾ എന്തോക്കെയോ ചെയ്തപ്പോൾ അവൾ കിടന്നു പിടഞ്ഞു.. നിശ്ശബ്ദമായി കരഞ്ഞു...!!

11 November 2011

ഗള്‍ഫ് സ്‌മരണകള്‍ - 7

17



അനുജന്‍റെ വിസക്കാര്യവുമായി ബന്ധപ്പെട്ടാണ്` ബാവാക്കയെ കാണുന്നതും പരിചയപ്പെടുന്നതും.. വെളുത്തുമെലിഞ്ഞ ശരീരപ്രകൃതിയും മുക്കാല്‍ ഭാഗവും നരച്ച, വെട്ടിയൊതുക്കിയ താടിയും സദാ പുഞ്ചിരി തൂകുന്ന മുഖവും സംസാരവും, കാഴ്‌ചയില്‍ തന്നെ സാധുവും നിഷ്‌കളങ്കനും.. അന്‍പതിലധികം പ്രായമായ അദ്ദേഹം കാല്‍ നൂറ്റാണ്ടിനടുത്തായി ഗള്‍ഫിലെത്തിയിട്ട്.. അല്‍ ഐനില്‍ 'മസ്‌യദ്' റോഡിലുള്ള 'ശരികാതി'ലെ ഒരു കംബനിയിലാണ്` ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ പരിചയത്തിലുള്ള ഒരാള്‍ മുഖേനയാണ്` വിസ സംഘടിപ്പിക്കുന്നത്, ആ പരിചയം വളരുകയും ഇടക്കൊക്കെ അദ്ദേഹം റൂമില്‍ വരുകയും ഞങ്ങളുടെ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കു ചേരുകയും ചെയ്‌തു.


ബാവാക്കയുടെ മകന്‍ അല്‍ ഐനില്‍ തന്നെയുള്ള കൊ ഓപറേറ്റിവ് സൊസൈറ്റിയുടെ സൂപര്‍ മാര്‍ക്കറ്റിലാണ്' ജോലി ചെയ്യുന്നത്, അബുദാബി റോഡില്‍ കംപനി അക്കമഡേഷന്‍ റൂമിലാണ്` തമസം. ഒരു പ്രഭാതത്തില്‍ മകന്‍റെ മരണവാര്‍ത്തയറിഞ്ഞ് ബാവാക്കയോടൊപ്പം ഞങ്ങളും ഞെട്ടിത്തരിച്ചു..! താമസസ്ഥലത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ രാവിലെ കൂടെ താമസിക്കുന്നവര്‍ കാണ്ടെത്തുകയായിരുന്നു
എന്നറിഞ്ഞപ്പോള്‍ ഞെട്ടലിന്‌ ശക്തി കൂടി..! എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ ബാവാക്കയും ബന്ധുക്കളും ഞങ്ങളുമെല്ലാം പരക്കം പാഞ്ഞു..
മകന്‍റെ മരണം കൊലപാതകമായിരിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നും പാവം ആ പിതാവ് തറപ്പിച്ചു പറഞ്ഞു.. ഞങ്ങളും അങ്ങനെതന്നെ വിശ്വസിക്കുകയും ആത്മഹത്യയായിരിക്കരുതേയെന്ന് മനസാ പ്രര്‍ത്ഥിക്കുകയും ചെയ്തു.. കുടുംബപരമായോ മറ്റോ ഒരുതരത്തിലൂള്ള പ്രശ്നവുമില്ലെന്നും ഭാര്യവും കുഞ്ഞുമുള്ള മകന്‍ തലേന്നു വരെ നാട്ടിലേക്ക് വിളിക്കുകയും ഭാര്യയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഗദ്ഗദത്തോടെയും കണ്ഠമിടറിയുമാണ്` ബവാക്ക പറഞ്ഞിരുന്നത്..
ജോലിസ്ഥലത്ത് ഈജിപ്ഷ്യനായ സൂപര്‍വൈസറുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് മാനേജറോട് സംസാരിക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. അതിന്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ബാവാക്കയോടൊപ്പം ഞങ്ങളും ആത്മഗതം ചെയ്‌തു..! 
ജഢം പോസ്‌റ്റ്മോര്‍ട്ടത്തിനും മറ്റും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി, ബന്ധുക്കളും നാട്ടുകാരും പരിചക്കാരും മറ്റുമായി അനേകമാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു..! സ്വതവെ സാധു പ്രകൃതക്കാരനായ ബാവാക്കയെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറയുകയും മനസില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.. അദ്ദേഹം അസാമാന്യമായ ആത്മനിയന്ത്രണവും പക്വതയുമാണ്‌ പ്രകടിപ്പിച്ചിരുന്നത്.. എങ്കിലും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തതും തക്കര്‍ന്നു പോയതുമായൊരു ഹൃദയം ഞങ്ങള്‍ക്ക് വ്യക്തമായും കാണാമായിരുന്നു..!
കൂടെ താമസിച്ചിരുന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു, റൂമിലൊരാള്‍ അസ്വാഭാവികമായി മരനപ്പെട്ടാല്‍ മറ്റുള്ളവരെ പിടിക്കുക സാധാരണമാണ്..! എഴുതി വെച്ചിരുന്ന കുറിപ്പില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം മരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത് കൊണ്ട് പോലീസും അധികൃതരും മരണം ആത്മഹത്യയായി സ്ഥിരീകരിച്ചു.. ബാവാക്കയെപോലെ ഞങ്ങളും ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി..!
"എന്ത് പൊട്ടത്തരമാണ്` ചെയ്‌തത്..?!"
കൂടിയവരെല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു..
"എന്തിനാ ആ കുട്ടി ഇത് ചെയ്‌തതെന്ന" ബാവാക്കയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്‌ മറുപടിയോ അശ്വാസവചനമോ ഞങ്ങള്‍ക്കാര്‍ക്കും പറയാനായില്ല..!
 'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക' എന്നൊക്കെ  എല്ലാവരും പരസ്പരം പറഞ്ഞു, 
'ഇവിടുത്തെ ജീവിതവും മരണശേഷമുള്ളവും ജീവിതവും നഷ്ടപ്പെടുകയല്ലേ അത് നിമിത്തമുണ്ടാകുന്നത്..'? 'മനുഷ്യന്‍റെ ബലഹീനതയും അവിവേകവും..!!'  
മകന്‍റെ ഭാര്യാപിതാവിനെ ബാവാക്ക തന്നെയാണ്‌ ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!'  എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..!                                                മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും, പിറ്റേന്നത്തെ ഫ്ലൈറ്റില്‍ ബാവാക്കയും ഒരുബന്ധുവും കൂടി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു... മകനെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലിയൊക്കെയായി കടബാധ്യതകളൊക്കെ തീര്‍ത്ത് ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കാനിരുന്ന ആ പിതാവ് മകന്‍റെ മയ്യിത്തുമായാണ്‌ നാട്ടിലേക്ക് യാത്രയാകേണ്ടി വന്നത്..!!

4 November 2011